ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്ത് മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണം- വിദഗ്ധ സമിതി

single-img
5 February 2015

sree_padmanabhaswamy_templeന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്ത് മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ രത്‌നങ്ങളുള്‍പ്പെടെ അമൂല്യ സ്വത്ത് സംരക്ഷിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരമാര്‍ശമുള്ളത്.

സ്വത്ത് സംരക്ഷിക്കുന്നത് സംബന്ധിച്ച് ആശങ്കകള്‍ തുടരുവേയാണ് ലണ്ടനിലെ മ്യൂസിയത്തിന്റെ മാതൃകയിലുള്ള മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കാന്‍ സമിതി ശുപാര്‍ശ ചെയ്തത്. അമൂല്യ വസ്തുക്കൾ ഘട്ടം ഘട്ടമായി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാം. ഇതിനായി വൈകുണ്ഠം ഓഡിറ്റോറിയമോ സമീപ സ്ഥലങ്ങളോ ഉപയോഗിക്കാമെന്നും. കോടതി ആവശ്യപ്പെടുകയാണെങ്കില്‍ ആറു മാസത്തിനകം മ്യൂസിയത്തിനായുള്ള പദ്ധതി രേഖ സമര്‍പ്പിക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ഏപ്രിലില്‍ സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.

ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ സമ്മതിക്കാതെ എന്തെങ്കിലും ഒളിച്ചുവെക്കാന്‍ ട്രസ്റ്റ് ശ്രമിക്കുന്നുണ്ടോയെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. മാനേജിങ് ട്രസ്റ്റി മൂലം തിരുനാള്‍ രാമവര്‍മ ഓഡിറ്റ് നടത്താന്‍ അനുവദിക്കുന്നില്ലെന്ന് മുന്‍ സി.എ.ജി വിനോദ് റായി അറിയിച്ചിരുന്നു.  ട്രസ്റ്റിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.