കേന്ദ്ര ആഭ്യന്തരസെക്രട്ടറി അനില്‍ ഗോസ്വാമിയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി

single-img
5 February 2015

maniന്യൂഡല്‍ഹി:ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ അനധികൃതമായി ഇടപെട്ട കേന്ദ്ര ആഭ്യന്തരസെക്രട്ടറി അനില്‍ ഗോസ്വാമിയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാതംഗ് സിങ്ങിന്റെ അറസ്റ്റു തടയാന്‍ ഗോസ്വാമി ശ്രമിച്ചുവെന്നാണ് ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് പുറത്താക്കല്‍ .

മാതംഗ് സിങ്ങിന്റെ അറസ്റ്റു തടയാന്‍ ശ്രമിച്ചുവെന്നും ഇതിനായി സി ബി ഐ ഉദ്യോഗസ്ഥനെ വിളിച്ച് സമ്മര്‍ദം ചെലുത്തിയെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഉടൻ തന്നെ ഗോസ്വാമിയെ നീക്കാനുള്ള തീരുമാനം ബുധനാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് സ്വീകരിച്ചത്.
1977 ജമ്മുകശ്മീര്‍ ബാച്ച് ഉദ്യോഗസ്ഥനായ ഗോസ്വാമി രണ്ടുവര്‍ഷത്തെ കാലാവധിക്കുശേഷം ജൂലൈയിലാണ് വിരമിക്കേണ്ടത്. 1979 കേരള ബാച്ചിലെ ഉദ്യോഗസ്ഥനായ എല്‍.സി ഗോയല്‍ പുതിയ ആഭ്യന്തര സെക്രട്ടറിയാകുമെന്നാണ് സൂചന.

സര്‍ക്കാര്‍ ഈയിടെ പുറത്താക്കിയ നാലാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അനില്‍ ഗോസ്വാമി. കഴിഞ്ഞയാഴ്ച വിദേശകാര്യ സെക്രട്ടറി സുജാത സിങ്ങിനെ നീക്കിയിരുന്നു.  അതിനുമുമ്പ്, ഡി.ആര്‍.ഡി.ഒ ഡയറക്ടര്‍ ജനറല്‍ അവിനാഷ് ഛന്ദറെയും റോ മേധാവി അലോക് ജോഷിയെയും നീക്കിയിരുന്നു.