ഡല്‍ഹിയില്‍ ഇന്ന് കൊട്ടികലാശം, അഭിപ്രായസര്‍വ്വേകള്‍ പുറത്തുവരുമ്പോള്‍ ആശങ്ക പെരുമ്പറകൊട്ടുന്നത് മോദിയുടെയുടെയും കൂട്ടരുടെയും മനസ്സുകളില്‍

single-img
5 February 2015

0 (1)ഇന്ദ്രപ്രസ്ഥം ആരുടെ കൈകളിലേക്ക് ? ആം ആദ്മിയോ അതോ ബി.ജെ.പി യോ? കിരണ്‍ ബേദിയോ അതോ അരവിന്ദ് കെജ്രിവാളോ? മത്സരം ആം ആദ്മിയും ബിജെപി യും തമ്മിലാകുമ്പോള്‍ ഒരു കാര്യം വ്യക്തമാവുകയാണ്. ഡല്‍ഹിയെ വര്‍ഷങ്ങളോളം അടക്കിഭരിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ചിത്രത്തിലേയില്ല.

 

രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം ഇന്ന് അവസാനിക്കുകയാണ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. കഴിഞ്ഞ തവണ ത്രികോണ മത്സരമാണ് ഡല്‍ഹി കണ്ടതെങ്കില്‍ ഇത്തവണ ആം ആദ്മിയും ബി.ജെ.പി യും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ്. കോണ്‍ഗ്രസ് എത്ര സീറ്റ് നേടുമെന്ന് കണ്ടറിയണം. ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുമെന്നാണ് ഒടുവിലത്തെ അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നത്.

 

ആദ്യം അഭിപ്രായസര്‍വ്വേകള്‍ ബി.ജെ.പി ക്ക് മുന്‍തൂക്കം പ്രവചിച്ചെങ്കിലും തിരഞ്ഞെടുപ്പിനോട് അടുത്തപ്പോള്‍ പ്രചരണത്തില്‍ ആം ആദ്മിയുടെ മുന്നേറ്റമാണ് കണ്ടത്. പതിവു പോലെ പാര്‍ട്ടിക്കുളളിലെ ഉള്‍പോരാണ് ബി.ജെ.പി ക്ക് തിരിച്ചടിയായത്. മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട മുതിര്‍ന്ന നേതാക്കളെ വെട്ടി പാര്‍ട്ടിയെ ഏറെ വിമര്‍ശിച്ചിരുന്ന കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് ഭിന്നത രൂക്ഷമാക്കി. എഎപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ കൂടുമാറി ബിജെപിയില്‍ എത്തിയെങ്കിലും പ്രചാരണം അവസാനിക്കുമ്പോള്‍ എഎപിയേക്കാള്‍ ഏറെ പിന്നിലാണ് ബിജെപി.

 

40 ല്‍ അധികം സീറ്റ് നേടി കെജ്രിവാള്‍ ഡല്‍ഹി പിടിക്കുമെന്നാണ് വിലയിരുത്തല്‍.പ്രചാരണത്തിന് മുന്‍പ് ത്രികോണ മത്സരമെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നുവെങ്കിലും കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണ്. എഎപി, ബിജെപി നേതാക്കളുടെ പ്രസംഗത്തില്‍ പോലും കോണ്‍ഗ്രസിനെപ്പറ്റി പരാമര്‍ശിക്കുന്നില്ല എന്നത് തന്നെ പാര്‍ട്ടിയുടെ നിലവിലുള്ള സ്ഥിതി എത്ര ദയനീയമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.