ഇങ്ങനെയുള്ള ചിലരും ഈ ലോകത്ത് ജീവിച്ചിരുന്നു; ചെറുവേഷങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ചിരി നിറച്ച മച്ചാന്‍ വര്‍ഗ്ഗീസിന്റെ ഓര്‍മ്മകള്‍ നാലാണ്ട് പിന്നിട്ടു

single-img
5 February 2015

Machan Vargeseസിനിമയെന്ന വലിയ ലോകത്ത് തനിക്കു ലഭിച്ച കുഞ്ഞ് വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ചിരിനിറച്ച മലയാളത്തിന്റെ പ്രിയ മച്ചാന്‍ വര്‍ഗ്ഗീസിന്റെ ഓര്‍മ്മകള്‍ നാലാണ്ട് പിന്നിട്ടു. ഹാസ്യത്തിലെ സ്വാഭാവികതയായിരുന്നു മച്ചാന്റെ മുഖമുദ്ര.

എം.എല്‍.വര്‍ഗീസ് എന്ന മച്ചാന്‍ വര്‍ഗീസ് മലയാളികളെ ചിരിപ്പിച്ചതിന് കയ്യുംകണക്കുമില്ല. ഹിറ്റ്‌ലര്‍, കാബൂളിവാല, പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം തുടങ്ങി നൂറിലേറെ സിനിമകളിലൂടെ അത് മലയാളി അറിഞ്ഞതുമാണ്. സിദ്ദിഖ്‌ലാല്‍ റാഫി മെക്കാര്‍ട്ടിന്‍ ചിത്രങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന മച്ചാന്‍ വര്‍ഗ്ഗീസിന് മിമിക്രിരംഗമാണ് മച്ചാനെന്ന വിളിപ്പേര് സമ്മാനിച്ചത്.

90കളില്‍ കൊച്ചിയിലെ മിമിക്രിരംഗത്തെ സജീവ സാന്നിധ്യമായിരുന്നു മച്ചാന്‍. കൊച്ചിന്‍ കലാഭവനിലെ അംഗമായിരുന്ന മച്ചാന്‍ മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിനുവേണ്ടി തന്റെ വളര്‍ത്തുനായയെ എത്തിച്ചതോടെ മലയാള സിനിമയുടെ ഭാഗമാകുകയായിരുന്നു. മന്നാര്‍ മത്തായിയിലെ കൊച്ചിന്‍ ഹനീഫയേയും സംഘത്തേയും ഓടിക്കുന്ന നായയുടെ രംഗം തിയേറ്ററിനുള്ളില്‍ ജനങ്ങളെ ചിരിപ്പിച്ചതിന് കയ്യുംകണക്കുമില്ല.

ഹാസ്യത്തിലെ സ്വാഭാവികതകൊണ്ട് മലയാളിയെ ചിരിപ്പിച്ച ഈ നടന് അര്‍ഹിച്ചതൊന്നും മലയാള സിനിമ നല്‍കിയിട്ടില്ലെന്നതാണ് സത്യം. മരണശേഷം പലരേയും മറന്ന കൂട്ടത്തില്‍ മലയാളസിനിമ മച്ചാനേയും മറന്നുകഴിഞ്ഞു.