പ്രവീണ്‍ തൊഗാഡിയയ്ക്ക് ബംഗളൂരുവില്‍ വിലക്ക്

single-img
4 February 2015

PRAVEEN_TOGADIAബംഗളൂരു: പ്രവീണ്‍ തൊഗാഡിയയ്ക്ക് ബംഗളൂരുവില്‍ വിലക്ക്. ഫെബ്രുവരി അഞ്ചു മുതല്‍ 11 വരെയാണ് തൊഗാഡിയയ്ക്ക് ബംഗളൂരുവില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിഎച്ച്പി നേതാവ് തൊഗാഡിയയുടെ പ്രസംഗം ക്രമസമാധാനപ്രശ്നം ഉണ്ടാക്കുമെന്നതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ഫെബ്രുവരി എട്ടിന് ബംഗളൂരുവില്‍ നടക്കുന്ന വിശ്വഹിന്ദു സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രവീണ്‍ തൊഗാഡിയ നഗരത്തിലെത്തുന്നത്.  തൊഗാഡിയയുടെ മുന്‍കാല പ്രസംഗങ്ങള്‍ ക്രമസമാധാനനില തകര്‍ത്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ . വിദ്വേഷപ്രസംഗം നടത്തിയതിന് തൊഗാഡിയയുടെ പേരിൽ നിരവധി കേസുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് തൊഗാഡിയയെ ബംഗളൂരുവില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്.

അതേസമയം, കര്‍ണാടക പൊലിസിന്റെ ഈ തീരുമാനം ജനാധിപത്യവിരുദ്ധമാണെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കള്‍ പ്രതികരിച്ചു. കര്‍ണാടകയിലെ ഹിന്ദു വിരുദ്ധ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്നും നീതി ലഭിക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും വി എച്ച് പി നേതാക്കള്‍ പറഞ്ഞു.