ബിനാലയുടെ മറവില്‍ അന്താരാഷ്ട്രലഹരിമാഫിയയിലെ കണ്ണികള്‍ കേരളത്തിലെത്തിയെന്ന് സൂചന, പോലീസ് അന്വേഷണം പുതിയ ദിശയിലേക്ക്

single-img
3 February 2015

cocaineകൊച്ചിയില്‍ വിലസുന്ന മയക്കുമരുന്ന് മാഫിയയെ കുടുക്കാന്‍ പോലീസ് അന്വേഷണം കൂടുതല്‍ ആളുകളിലേക്ക്. അതേസമയം അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ ഏജന്റുമാരില്‍ ഒരാള്‍ കൊച്ചിയിലെത്തിയത് ബിനാലെ മറയാക്കിയെന്നും സൂചനയുണ്ട്. മയക്കുമരുന്ന് മാഫിയ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയത് ബിനാലേക്കാവശ്യമായ സാധനങ്ങളുടെ കൂട്ടത്തിലാണെന്ന നിഗമനത്തിലാണ് പൊലീസ് . ബിനാലെയില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള കലാകാരന്‍മാരാണ് സംസ്ഥാനത്ത് എത്തിയത്.ഇവരില്‍ ചിലര്‍ക്ക് മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുള്ളതായും കരുതപ്പെടുന്നു. ബിനാലേയയുടെ മറവില്‍ മയക്കുമരുന്ന് കള്ളകടത്ത് നടത്തിയാല്‍ എളുപ്പം പിടിവീഴില്ല എന്നകണക്കുകൂട്ടലിലാണ് മാഫിയകള്‍ ബിനാലേയെ മറയാക്കി ഉപയോഗിക്കുന്നത്.

 

ബിനാലേയുമായി ബന്ധപ്പെട്ട് കേരളത്തില്‍ എത്തിയ ജമൈക്കന്‍ ഗായക സംഘത്തില്‍ മയക്കുമരുന്ന് മാഫിയയുമായി അന്താരാഷ്ട്ര ബന്ധമുള്ള ഒരാള്‍ സംസ്ഥാനത്ത് എത്തിയിരുന്നു എന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ സംസ്ഥാന പൊലീസിന് വിവരംനല്‍കിയിരുന്നു.കൊച്ചിയില്‍ നടന്ന ആദ്യ ബിനാലേയുടെ ചര്‍ച്ചകളും ഗോവ കേന്ദ്രമാക്കിയാണ് നടന്നത്. രാജ്യത്തെ മയക്കുമരുന്ന് വിതരണത്തിന്റെ കേന്ദ്രവും ഗോവയാണ്.ആദ്യ ബിനാലേക്കുമുന്‍പും, ശേഷവും കൊച്ചിയിലെ ആഡംബര ഫ്‌ളാറ്റുകളിലും, ബോട്ടുകളിലുമായി സ്‌മോക്കേഴ്‌സ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള നിരവധി ആഘോഷങ്ങള്‍ നടന്നിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം കൊച്ചിയിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചതോടെ കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.