‘ആസാനേ…………………’ആ ശബ്ദം മനസ്സില്‍ മുഴങ്ങുന്നു; ഓര്‍മ്മയില്‍ കൊച്ചിന്‍ ഹനീഫ

single-img
2 February 2015
cochin-haneefaആസാനേ…. ഹാസ്യം കലര്‍ന്ന ആ നിഷ്‌കളങ്കമായ വിളി ഇന്നും മലയാളികള്‍ മറക്കാനിടയില്ല. വില്ലനായി എത്തി പിന്നീട് ഹാസ്യനടനായി മലയാളിയുടെ മനസ്സ് കീഴടക്കിയ കൊച്ചിന്‍ ഹനീഫയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് അഞ്ച് വയസ്സ്. ആ നിഷ്‌കളങ്കഹാസ്യത്തിലൂടെ തന്റേതായ ശൈലി പിന്‍തുടര്‍ന്ന കൊച്ചിന്‍ഹനീഫ് എന്ന അതുല്യപ്രതിഭയെ മലയാളികള്‍ ഓര്‍ത്തെടുക്കുകയാണ്.
ചെറുപ്രായത്തിലെ മനസ്സില്‍ കൂടുകൂട്ടിയ സിനിമാ മോഹം. അതുതന്നെയാണ് കൊച്ചിന്‍ ഹനീഫയെ ചലച്ചിത്ര ലോകത്തേക്ക് എത്തിച്ചത്. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം സിനിമാമോഹവുമായി മദ്രാസിലേക്ക് വണ്ടികയറി. ദീര്‍ഘകാലത്തെ ചെന്നൈ വാസത്തിനിടയില്‍ തമിഴ് സിനിമയിലെ പ്രഗല്‍ഭരുമായും അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചു. ഇത് കൊച്ചിന്‍ഹനീഫയുടെ ജീവിതത്തില്‍ വഴിത്തിരിവായി മാറി. ശിവാജിഗണേശന്‍, കമലാഹാസന്‍ എന്നിവരുമായി വളരെ അടുത്തബന്ധം സ്ഥാപിക്കാനും കഴിഞ്ഞു.
വില്ലനായി ചലച്ചിത്രലോകത്ത് എത്തിയ കൊച്ചിന്‍ഹനീഫ പിന്നീട് സംവിധാകന്റെയും റോളണിഞ്ഞു. അദ്ദേഹം സംവിധാനം ചെയ്ത വാല്‍സല്യം, ഭീഷ്മാചാര്യ  എന്നിവ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്. നല്ല വേഷങ്ങളിലൂടെ ചലച്ചിത്ര ലോകത്ത് തിളങ്ങിനിന്നപ്പോഴാണ് അദ്ദേഹം സംവിധാകന്റെ റോളിലെത്തിയത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. കടത്തനാടന്‍ അമ്പാടി, പുതിയ കരുക്കള്‍, ലാല്‍ അമേരിക്കയില്‍, ഇണക്കിളി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായും അദ്ദേഹം പ്രവര്‍ത്തിച്ചു.
എണ്‍പതുകളുടെ അവസാനത്തോടെയാണ് ഹനീഫ വില്ലന്‍ റോളുകളില്‍ നിന്നും കോമഡിയിലേക്ക് ചുവട്മാറിയത്. കിരീടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലായിരുന്നു ഈ ചുവടുമാറ്റം. പിന്നീട് അദ്ദേഹം നിരവധി ചിത്രങ്ങളിലൂടെ മലയാളിയെ കുടുകൂടാ ചിരിപ്പിച്ചു. മാന്നാര്‍ മത്തായി സ്പീക്കിംഗ്, പഞ്ചാബിഹൗസ്, അനിയത്തിപ്രാവ്, ഹിറ്റ്‌ലര്‍, തുടങ്ങി സിനിമകളിലൂടെ നിഷ്‌കളങ്ക ഹാസ്യത്തിന്റെ പുതിയ തലങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഹനീഫയ്ക്കു കഴിഞ്ഞു. ഇതിനിടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2001ലെ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
കൊച്ചിന്‍ ഹനീഫയുടെ വിടവാങ്ങലും തികച്ചും അപ്രതീക്ഷിതമായിരുന്നു. അദ്ദേഹം രോഗശൈയ്യയില്‍ ആകുന്നതും മരണത്തിന് കീഴടങ്ങിയതുമെല്ലാം വളരെ പെട്ടെന്നായിരുന്നു വിടവാങ്ങിയിട്ട് അഞ്ച് വര്‍ഷം തികയുമ്പോള്‍ കൊച്ചിന്‍ ഹനീഫ എന്ന അതുല്യനടന്റെ അസാനിധ്യം മലയാളികള്‍ തിരിച്ചറിയുകയും ചെയ്യുന്നു.