ആദ്യം ബ്ലേഡ് മാഫിയ വേട്ടയാടി, ഇപ്പോള്‍ കരള്‍ രോഗവും, രാജേഷിനെ ജീവിതത്തിലേക്ക് മടക്കിയെത്തിക്കാന്‍ ഒരു നാട് കൈകോര്‍ക്കുന്നു

single-img
22 January 2015

unnamhgedരാജേഷ് ഒരിക്കലും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഈ നാടും നാട്ടുകാരും ഓരോ മനസ്സോടെ കൂടെയുള്ളപ്പോള്‍ പിന്നെ എന്തിന് ഭയക്കണം. ഗുരുതര കരള്‍രോഗം ബാധിച്ച് ശസ്തക്രിയയ്ക്കായി തയ്യാറെടുക്കുന്ന കുറിച്ചി സചിവോത്തമപുരം സ്വദേശി രാജേഷ് (41) ന് ചികില്‍സാ സഹായം എത്തിക്കാനാണ് ഒരു നാടാകെ ഒരുമിച്ച് കൈകോര്‍ക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 30 ലക്ഷത്തോളം രൂപ സ്വരൂപിക്കുന്നതിനായി രാജേഷ് ചികില്‍സാ സഹായ സമിതിക്കും നാട്ടുകാര്‍ രൂപം നല്‍കി.

ബ്ലേഡ് മാഫിയയുടെ ഇരയായി വീടും സ്ഥലവും നഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കുന്നതിനിടെയാണ് രാജേഷിനോട് കരള്‍രോഗത്തിന്റെ രൂപത്തില്‍ വിധി വീണ്ടും ക്രൂരതകാട്ടിയത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് ചികില്‍സ തുടരുന്നത്. രോഗം ഗുരുതരമായതിനാല്‍ ശസ്ത്രക്രിയ അടിയന്തിരമായി നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. രാജേഷിന്റെ ചികില്‍സയ്ക്കായി ഇതുവരെ മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ചുകഴിഞ്ഞു. രജേഷിന് കരള്‍ പകുത്ത് നല്‍കാന്‍ ഭാര്യ മഞ്ജു തയ്യാറാണെങ്കിലും ശസ്ത്രക്രിയ നടത്താന്‍ വേണ്ടിവരുന്ന തുക ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് രജേഷിനെയും കുടുംബത്തെയും സഹായിക്കാന്‍ ഒരു നാട് മുഴുവന്‍ ഒരേ മനസ്സോടെ മുന്നോട്ടുവരുന്നത്. ചികില്‍സയ്ക്കുള്ള പണം സ്വരൂപിക്കാന്‍ രാജേഷ് ചികില്‍സാ സഹായ സമിതി എന്ന പേരില്‍ ചങ്ങനാശേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.