തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് സൗരവ് ഗാംഗുലി

single-img
22 January 2015

ganguly_vidന്യൂഡല്‍ഹി: തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. ഗാംഗുലിയുടെ ബിജെപി പ്രവേശന അഭ്യൂഹങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കള്‍ ക്ഷണിച്ചിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചുമാസങ്ങളായി ഗാംഗുലിയുടെ ജന്മദേശമായ പശ്ചിമ ബംഗാളില്‍ ബിജെപി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പശ്ചിമ ബംഗാള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഗാംഗുലിയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ബിജെപി ശ്രമിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഗാംഗുലിക്ക് മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. ബംഗാളിലെ യുവാക്കള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുളള ഗാംഗുലി ഇടതുപക്ഷ ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രിയായ ബുദ്ധദേവ് ഭട്ടാചാര്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അടുത്തതായി ബിജെപി ബംഗാളിലേക്കാണ് വരുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം മമ്ത ബാനര്‍ജിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. രജ്പാല്‍ സിംഗ്,  കൃഷ്‌ണേന്ദു ചൗധരി, റാബി രഞ്ജന്‍ ചാറ്റര്‍ജി, സധന്‍ പാണ്ഡെ തുടങ്ങിയ തൃണമൂല്‍ നേതാക്കള്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ചയിലാണ്. കേന്ദ്ര റെയില്‍മന്ത്രിയായിരുന്ന ദിനേശ് ത്രിവേദിയും ബിജെപിയില്‍ ചേരുമെന്ന് സൂചനയുണ്ട്.