ന്യൂസിലന്റിലെ ടോംഗയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് പുതിയ ദ്വീപ് രൂപം കൊണ്ടു

single-img
22 January 2015

volcanoവെല്ലിംഗ്ടണ്‍: അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ടോംഗയില്‍ പുതിയ ദ്വീപ് രൂപം കൊണ്ടു. ന്യൂസീലന്റിന് രണ്ടായിരം കിലോമീറ്ററോളം വടക്കു കിഴക്കായാണ് ടോംഗയുടെ സ്ഥാനം. സമുദ്രനിരപ്പില്‍ നിന്നും 100 മീറ്ററോളം ഉയരമുള്ള ദ്വീപിന് 1.8 കിലോമീറ്റര്‍ നീളവും 1.5 കിലോമീറ്റര്‍ വീതിയുമുണ്ട്.

കടലില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വതത്തില്‍ നിന്നും കഴിഞ്ഞ ഒരു മാസമായി ലാവ പ്രവഹിക്കുകയാണ്. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ പാറക്കഷ്ണങ്ങളും തണുത്തുറഞ്ഞ ലാവയുമാണ് പുതിയ ദ്വീപ് രൂപം കൊള്ളാന്‍ കാരണമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ദ്വീപ് രൂപം കൊണ്ട ഭാഗത്ത് കടലിന് ആഴം കുറവായിരിക്കുമെന്നും ലാവാ പ്രവാഹം അവസാനിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ദ്വീപ് അപ്രത്യക്ഷമാകാനും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ആസിഡ് മഴ ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ നടക്കുന്നുണ്ട്. കൂടാതെ രണ്ടു കിലോമീറ്ററോളം ഉയരത്തില്‍ ചാരവും പൊടിപടലങ്ങളും പ്രവഹിക്കുകയാണ്. ചാരപ്രവാഹം ശക്തമായതിനാല്‍ കഴിഞ്ഞയാഴ്ച മേഖലയിലൂടെയുള്ള അന്താരാഷ്ട വ്യോമഗതാഗതവും തടസ്സപ്പെട്ടിരുന്നു. പസഫിക് സമുദ്രത്തിലെ അഗ്നിവലയം എന്നറിയപ്പെടുന്ന മേഖലയിലാണ് ടോംഗയുടെ സ്ഥാനം.