ബാലകൃഷ്ണപിള്ളയ്ക്ക് മറുപടിയുമായി വീക്ഷണം ദിനപത്രം

single-img
22 January 2015

bala ബാര്‍ കോഴ കേസിൽ മാണിയെ പ്രതിരോധത്തിലാക്കിയ വിവാദവെളിപ്പെടുത്തലുകള്‍ നടത്തിയ ആര്‍.ബാലകൃഷ്ണപിള്ളക്കെതിരെ രൂക്ഷ വിമര്‍ശവുമായി വീക്ഷണം മുഖപ്രസംഗം. വ്യാഴാഴിച്ചത്തെ മുഖപ്രസംഗത്തിലാണ് പിള്ളയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്. ‘പിള്ള തുള്ളിയാല്‍ മുട്ടോളം’ എന്ന തലകെട്ടോടെയാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനും പൊറുക്കുന്ന പുരയ്ക്ക് തീ കൊളുത്തുന്നവനും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് എന്നു പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് മുഖപ്രസംഗം തുടങ്ങുന്നത്.  അഴിമതിക്കെതിരെ അങ്കത്തിനൊരുങ്ങുംമുമ്പ് പൂർവ്വ ജീവിതത്തെക്കുറിച്ച് ഏറ്റുപറ‌ഞ്ഞ് പാപനാശിനിയിൽപോയി മുങ്ങിക്കുളിക്കണമെന്ന് പരിഹസിക്കുകയും ചെയ്യുന്നു. പിള്ളയുടെ തിരഞ്ഞെടുപ്പ് തോൽവിയടക്കം പരാമർശിച്ചാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്.

ഐക്യജനാധിപത്യ മുന്നണിയുടെ ഉപ്പും ചോറും തിന്നുന്ന ആര്‍ ബാലകൃഷ്ണപിള്ള ചെയ്തുകൊണ്ടിരിക്കുന്നത് ഇത്തരം ആത്മനാശ പ്രവര്‍ത്തനങ്ങളാണെന്ന് കുറ്റപ്പെടുത്തുന്നു. മറക്കാനും പൊറുക്കാനുമുള്ള യു.ഡി.ഫ് ഘടകകക്ഷികളുടെ മഹാമനസ്കത ബലഹീനതയായാണ് ബാലകൃഷ്ണപിള്ള കാണുന്നത്. ഭൂമിയോളം ക്ഷമിക്കുന്ന ഉമ്മന്‍ചാണ്ടിയല്ല കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നതെങ്കില്‍ ബാലകൃഷ്ണപിള്ള ഇന്ന് രാഷ്ട്രീയ തിരസ്കാരത്തിന്‍റെ വൃദ്ധസദനത്തില്‍ അവഗണിക്കപ്പെട്ടു കഴിയുന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയായി മാറുമായിരുന്നു.

പണ്ട് പഞ്ചാബ് മോഡല്‍ പ്രസംഗം നടത്തിയ പിള്ളയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ച കെ.കരുണാകരന്‍റെ ശൈലിയേ ഇത്തരക്കാരോട് പാടുള്ളൂ. മന്ത്രി മാണിക്കെതിരെ ആരോപണമുന്നയിക്കുകയും മാണിയെ കുടുക്കാന്‍ കച്ചകെട്ടിയവര്‍ക്ക് ആവേശം പകരുകയും ചെയ്യന്ന പിള്ളയുടെ വാക്കുകളും പ്രവര്‍ത്തികളും മുന്നണി മര്യാദക്ക് ചേര്‍ന്നതല്ല. രാഷ്ട്രീയ പാരമ്പര്യത്തില്‍ കെ.എം മാണിയേക്കാള്‍ ഒരു മുഴം മുന്നിലാണ് പിള്ളയെങ്കിലും രാഷ്ട്രീയ പക്വതയില്‍ മകന്‍ ഗണേഷ്കുമാറിനേക്കാള്‍ ബഹുദൂരം പിന്നിലാണ് പിള്ളയെന്നും മുഖപ്രസംഗം പറയുന്നു

അഴിമതിക്കെതിരെ അങ്കത്തിനൊരുങ്ങാനാണ് പിള്ളയുടെ പുറപ്പാടെങ്കിൽ അതിനെ ഏവരും പിന്തുണയ്ക്കും. പക്ഷെ, ഈ പുണ്യകർമ്മത്തിനൊരുങ്ങും മുമ്പെ പിള്ള പൂർവ്വ ജീവിതത്തെക്കുറിച്ച് ഏറ്റുപറഞ്ഞ് പാപനാശിനിയിൽ പോയി മൂന്നുവട്ടം മുങ്ങണമായിരുന്നു. തെളിയിക്കപ്പെട്ട് ശിക്ഷയേറ്റുവാങ്ങിയ ഇടമലയാർ  കേസിന്റെയും തെളിയിക്കപ്പെടാതെപോയ ഗ്രാഫൈറ്റ് കേസിന്റെയും പാപക്കറ കഴുകി ശുദ്ധിവരുത്തണം.

പിള്ളയുടെ കുശുമ്പിനും കുന്നായ്മക്കും മാണിയെന്നോ സ്വന്തം മകനെന്നോ വ്യത്യാസമില്ലെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ദീർഘകാലം മന്ത്രിയായ മാണിയെ എതിർക്കുന്ന അതേ പകയോടെയാണ് ഹ്രസ്വകാലം മന്ത്രിയായിരുന്ന ഗണേശ് കുമാറിനെ എതിർത്തതും. മകനെതിരെ വീട്ടിൽ പറയേണ്ട കാര്യങ്ങൾ മാധ്യമങ്ങളെ വിളിച്ചുവരുത്തി പറയാൻ പിള്ള ഒട്ടും മടിച്ചിരുന്നില്ല.

കൊട്ടാരക്കരയെ നാട്ടുരാജ്യമാക്കി അവിടത്തെ കിരീടം വയ്ക്കാത്ത രാജപദവി കൊണ്ടാടിയ പിള്ളയെ 2006-ലെ തിരഞ്ഞെടുപ്പിൽ നാട്ടുകാർ  വീഴ്ത്തിയതും 2011-ൽ പിള്ളയുടെ ബിനാമി സ്ഥാനാർത്ഥിയെ തോൽപ്പിച്ചതും യു. ഡി .എഫിനോടുള്ള എതിർപ്പുകൊണ്ടായിരുന്നില്ല, മറിച്ച്  പിള്ളയോടുള്ള വൈരാഗ്യം കൊണ്ടായിരുന്നു പത്രം പറയുന്നു.

പുറത്തുപോയാല്‍ പലതും വിളിച്ചു പറയുമെന്ന ഭീഷണി ഓലപ്പാമ്പ് മാത്രമാണ്. പുറത്തുപോയി പറയുന്നതിനേക്കാള്‍ അകത്ത് നിന്നുകൊണ്ട് പിള്ള പറഞ്ഞുകഴിഞ്ഞു. ബ്ളാക്ക് മെയില്‍ രാഷ്ട്രീയത്തിനായി നെറികെട്ട വഴികള്‍ ഉപയോഗിക്കുകയും ശിഖണ്ഡികളുമായി സഖ്യം സ്ഥാപിക്കുകയും ചെയ്യുന്നത് മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.