മോദിയുമായി അടുത്തു ബന്ധം; എഎപി രണ്ടു സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു

single-img
22 January 2015

bjp_aap_040314ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം എഎപി തങ്ങളുടെ രണ്ടു സ്ഥാനാര്‍ത്ഥികളെ മാറ്റി.  മെഹ്‌റൗലി സ്ഥാനാര്‍ഥിയായിരുന്ന ഗോവര്‍ദ്ധന്‍ സിംഗ്, മുന്ദ്ക സ്ഥാനാര്‍ഥി രജീന്ദര്‍ ദബാസ് എന്നിവരെയാണ് അരവിന്ദ് കെജ്‌രിവാള്‍ പിന്‍വലിച്ചു. ഇരുവരും ബിജെപിയുമായി അടുത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ നടപടിയെന്നാണ് വിവരം. അവസാന നിമിഷമുണ്ടായ ഈ നീക്കം പാര്‍ട്ടിയെ തന്നെ ഞെട്ടിച്ചു. ഏതാനും പ്രവര്‍ത്തകര്‍ കെജ്‌രിവാളിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചു.

കഴിഞ്ഞയാഴ്ച രാം ലീല മൈതാനിയില്‍ നരേന്ദ്ര മോദി നടത്തിയ റാലിയില്‍ ഗോവര്‍ദ്ധന്‍ സിംഗിന് ചുമതലയുണ്ടായിരുന്നതായി പറയുന്നു. റാലിയില്‍ പങ്കെടുത്തവര്‍ക്ക് സഞ്ചരിക്കാനായി ബസ്സുകള്‍ ഏര്‍പ്പാടാക്കിയതും സിംഗ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാന്‍ പണംമുടക്കിയെന്നാണ് ദബാസിനെതിരായ ആരോപണം.

ഇതേതുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നിയോഗിച്ച സമിതി നടത്തി അന്വേഷണത്തില്‍ ആരോപണം ഏറെക്കുറെ ശരിവച്ചിരുന്നു. കൂടാതെ, മുതിര്‍ന്ന നേതാവ് പ്രശാന്ത് ഭൂഷണ്‍ ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെ എതിര്‍ക്കുകയും ചെയ്തു. പാര്‍ട്ടി തനിക്കെതിരെ ഉയര്‍ത്തിയ ആരോപണം അടിസ്ഥാന വിരുദ്ധമാണെന്നും തന്നെ നീക്കിയത് നീതിക്ക് നിരക്കാത്തതാണെന്നും ഗോവര്‍ദ്ധന്‍ സിംഗ് പറഞ്ഞു. പതിനഞ്ചു ദിവസമായി പ്രചാരണം നടത്തുന്ന തനിക്ക് പ്രദേശത്തെ ജനങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.