ഗവിയില്‍ ട്രക്കിംഗിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് ഗുജറാത്തി കുടുംബം കൊല്ലപ്പെട്ടു

single-img
22 January 2015

gujrathiകുമളി: ഗവിയില്‍ ട്രക്കിംഗിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് ശാസ്ത്രജ്ഞയും ഭര്‍ത്താവും കൊല്ലപ്പെട്ടു. ഗുജറാത്ത് അഹമദാബാദ് പരുഷോണം ബംഗ്ലാവിൽ ജാഗൃതി ബി. റാവല്‍(50), ഭര്‍ത്താവ് ഭുപേന്ദ്ര റാവല്‍(52) എന്നിവരാണ് ബുധനാഴ്ച ഗവിയിൽ ട്രക്കിങ്ങിനിടെ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്. ജാഗൃതി ഗുജറാത്തിലെ അഹമ്മദാബാദ് ഐ.എസ്.ആര്‍.ഒ സ്‌പേസ് ആപ്ലൂക്കേഷന്‍ സെന്ററിലെ ശാസ്ത്രജ്ഞയാണ്. ഭർത്താവ് ഭുപേന്ദ്ര റാവല്‍ അഹമ്മദാബാദിലെ കെ.എച്ച്.എസ് ഫില്ലിങ് ആന്‍ഡ് പാക്കിങ് കമ്പനിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജരുമാണ്.  രാവിലെ അഞ്ചിന് ഗവിയിലേക്കുപോയ ഇവര്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്.

അപകടം നടക്കുമ്പോൾ ഇവരോടൊപ്പം ഗവിയിലെ ഗൈഡ് കണ്ണനും ഉണ്ടായിരുന്നു.  ജനവാസകേന്ദ്രത്തിനു സമീപത്തുവെച്ചാണ് ദുരന്തം സംഭവിച്ചത്. കൊമ്പനും മോഴയും കുട്ടിയാനയും അടങ്ങുന്ന  ആനക്കൂട്ടത്തെ 80മീറ്റർ അകലെ വെച്ച് കണ്ടപ്പോൾ ഫോട്ടോയെടുക്കാൻ ശ്രമിക്കുകയായിരുന്നു ദമ്പതികൾ. കാമറയിൽ നിന്ന് ഫ്ളാഷ് ലൈറ്റടിച്ചതിനെ തുടർന്ന് അപ്രതീക്ഷിതമായി ആനകൾ പാഞ്ഞടുക്കുകയും ദമ്പതികളും ഗൈഡും തിരിഞ്ഞോടി. ഇതിനിടെ അടുത്തെത്തിയ ആന ജാഗ്രുദിയെ ആദ്യം തട്ടിയിടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭൂവേന്ദ്രയും ആനയുടെ മുൻപിൽ അകപ്പെട്ടത്. ആന ചവിട്ടിയും ഇടിച്ചും ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ കലിപൂണ്ട ആനകള്‍ ജഡം വികൃതമാക്കുകയുംചെയ്തു.

ആനയുടെ മുന്നില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഗൈഡ് കണ്ണന് നിസ്സാരപരിക്കേറ്റു. കണ്ണനെ വണ്ടിപ്പെരിയാര്‍ ഗവ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ വണ്ടിപ്പെരിയാര്‍ ഗവ. ആസ്പത്രിയില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അഹമ്മദാബാദില്‍നിന്ന് ബന്ധുക്കള്‍ എത്തിയശേഷംമാത്രമേ പോസ്റ്റുമോര്‍ട്ടം നടത്തുകയുള്ളൂ.

ഗവിയുടെ ടൂറിസം ചരിത്രത്തിൽ ആദ്യമായാണ് കാട്ടാനയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരികൾ കൊല്ലപ്പെടുന്നത്. ഗവി റൂട്ടിൽ കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യം പതിവു കാഴ്ചയാണെങ്കിലും ആളുകൾക്ക് ജീവഹാനി വരുത്തുന്ന രീതിയിൽ ആക്രമണോത്സുകരായിട്ടില്ല.