കൊല്ലം കുരീപ്പുഴ ഫാമില്‍ പക്ഷിപ്പനി; ടര്‍ക്കി കോഴികള്‍ കൂട്ടത്തോടെ ചത്തു

single-img
22 January 2015

bird-fluകൊല്ലം: കൊല്ലം കുരീപ്പുഴ ഫാമില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് ടര്‍ക്കി കോഴികള്‍ കൂട്ടത്തോടെ ചത്തു. മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ ഏക ടര്‍ക്കി ഫാമിൽ ഇതുവരയായി 450ഓളം ടര്‍ക്കി കോഴികളാണ് ചത്തത്. എ.വി.എന്‍ വൈറസ് ബാധ മൂലമാണ് പക്ഷികള്‍ ചത്തതെന്ന് ലാബ് പരിശോധനയില്‍ വ്യക്തമായി. മനുഷ്യരിലേക്ക് പകരുന്ന പക്ഷിപ്പനിയല്ല ഇതെന്നും ആശങ്കവേണ്ടെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറഞ്ഞു. ചത്ത കോഴികളില്‍ ചിലതിനെ കത്തിക്കുകയും ബാക്കിയുള്ളവയെ ആഴത്തില്‍ കുഴിച്ചുമൂടുകയും ചെയ്തു.

ഞായറാഴ്ച മുതലാണ് ഫാമില്‍ ടര്‍ക്കി കോഴികള്‍ ചത്തുവീണുതുടങ്ങിയത്. തുടർന്ന് സാമ്പിളുകള്‍ പാലോട് ലാബിലേക്ക് അയച്ചിരുന്നു. പരിശോധനയിലാണ് മനുഷ്യരിലേക്ക് പടരില്ലെങ്കിലും കോഴികളില്‍ ഗുരുതരമായ രീതിയില്‍ പടരാന്‍ സാധ്യതയുള്ള പക്ഷിപ്പനിയാണ് കണ്ടെത്തിയിരിക്കുന്നത്. എണ്ണായിരത്തോളം ടര്‍ക്കി കോഴികള്‍ ഇവിടെയുണ്ട്. രണ്ട് കൂടുകളിലെ കോഴികളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. അഷ്ടമുടിക്കായലിന്റെ തീരത്തെത്തുന്ന ദേശാടനപ്പക്ഷികളില്‍നിന്നാണ് രോഗം പടര്‍ന്നതെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ചത്ത കോഴികളെ തീയിട്ടതിനെ തുടര്‍ന്നുണ്ടായ ദുര്‍ഗന്ധം നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൂടാതെ ഫാമിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.