കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; തടഞ്ഞുവെച്ച ഗ്രീന്‍പീസ് ഇന്ത്യയുടെ വിദേശ ഫണ്ട് വിട്ടുകൊടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്

single-img
21 January 2015

greenpeaceന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ഇന്ത്യയുടെ പിടിച്ചുവെച്ച 1.87 കോടി രുപയുടെ വിദേശ ഫണ്ട് വിട്ടുകൊടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഗ്രീന്‍പീസിന്റെ ആംസ്റ്റര്‍ഡാമിലെ ആസ്ഥാനത്ത് നിന്ന് ഇന്ത്യന്‍ അക്കൗണ്ടിലേക്ക് അയച്ച തുക പിടിച്ചുവെക്കാനുള്ള തെളിവൊന്നും സര്‍ക്കാറിന്റെ പക്കലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കാരണം കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍പീസിനെതിരെ എടുക്കുന്ന നടപടികള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി വിധി. എല്ലാ സര്‍ക്കാറേതര സംഘടനകള്‍ക്കും(എന്‍.ജി.ഒ) തങ്ങളുടേതായ കാഴ്ചപ്പാടുകളുണ്ടാകുമെന്നും അവ സര്‍ക്കാറിന്‍െറ കാഴ്ചപ്പാടുമായി ഒത്തുപോകാത്തത് കൊണ്ട് മാത്രം അവ ദേശ വിരുദ്ധമാണെന്ന് അര്‍ത്ഥമില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഉത്തരവ്.ഐ.ഡി.ബി.ഐയുടെ  ചെന്നൈ ശാഖയിലേക്ക് വന്ന ഗ്രീന്‍പീസിന്റെ ഫണ്ട് പിടിച്ചുവെക്കാന്‍ തക്ക തെളിവുകളൊന്നും കോടതിയില്‍ ഹാജരാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് രാജീവ് ശക്ധര്‍ വ്യക്തമാക്കി.

നേരത്തെ ഗ്രീൻപീസ് ഇന്ത്യയുടെ പ്രവർത്തക പ്രിയ പിള്ളയുടെ യു.കെ യാത്ര കേന്ദ്ര സർക്കാർ തടഞ്ഞിരുന്നു. ലണ്ടനിലേക്ക് പോകാൻ ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയ പ്രിയയെ തടഞ്ഞുവച്ച ശേഷം പാസ്‌പോർട്ട് ബാർ ചെയ്തതായി കാണിക്കുന്ന സീലടിച്ച് തിരിച്ചയക്കുകയായിരുന്നു. രാജ്യത്തെ ഖനി മാഫിയക്കും അനധികൃത വൈദ്യുത പദ്ധതികൾക്കും എതിരേ പ്രിയ ശക്തമായ സമരം നയിച്ചിരുന്നു.ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് കേന്ദ്ര സർക്കാർ ഇടപെട്ട് പ്രിയയുടെ യാത്ര തടഞ്ഞത്.