കരിഓയില്‍ കേസ് അവസാനിപ്പിക്കാനുള്ള ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു

single-img
21 January 2015

ksu--oilതിരുവനന്തപുരം: മുൻ ഹയര്‍ സെക്കന്‍ഡറി ഡയറക്ടർ കേശവേന്ദ്രകുമാറിന്‍റെ ദേഹത്ത് കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു. നേരത്തെ എടുത്ത തീരുമാനത്തില്‍ പിഴവുണ്ടെന്നാണ് ഹര്‍ജി പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ വ്യക്തമാക്കുന്ന കാരണം. ഇതോടെ കേസിന്‍റെ വിചാരണ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തുടരും.

ഫെബ്രുവരി അഞ്ചിന് പരിഗണിക്കാനിരുന്ന കേസ് സര്‍ക്കാര്‍ ആവശ്യപ്രകാരം നേരത്തെ പരിഗണിക്കുകയായിരുന്നു.  ഒന്നാം പ്രതി ഒഴികയുള്ളവര്‍ക്കെതിരേയുള്ള കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.

കേസ് പിന്‍വലിക്കുന്നതില്‍ ഐ.എ.എസ് അസോസിയേഷന്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തന്റെ അനുമതിയില്ലാതെയാണ് കേസ് പിന്‍വലിക്കുന്നതെന്നും നീതി കിട്ടുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് കേശവേന്ദ്രകുമാറും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിക്കുന്നത്.

2012 ഫെബ്രുവരിയിലാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ കേശവേന്ദ്ര കുമാറിന്റെ മേല്‍ കരിഓയില്‍ ഒഴിച്ചത്. കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്ന സിപ്പി നൂറുദീന്‍, അജിനാസ്, അന്‍സാര്‍, ഷമീം, ശ്രീലാല്‍, വിഘ്‌നേശ്, ഷാനവാസ്, സാദിഖ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. പൊതുമുതല്‍ നശിപ്പിച്ചതിനും മറ്റുമായി 5.5 ലക്ഷം രൂപ കെട്ടിവച്ചാണ് ഇവര്‍ ഹൈക്കോടതിയില്‍ ജാമ്യം നേടിയത്.