മാണിക്ക് കോ‍ഴ നൽകിയെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്

single-img
21 January 2015

Maniതിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരെ ബാര്‍ കോ‍ഴ ആരോപണത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്. മാണിക്കു കൊടുക്കാന്‍ തീരുമാനിച്ചിരുന്നതു 30 കോടി രൂപയാണെന്നും അതിൽ ഏഴുകോടി രൂപ കൂടി നല്‍കിയതായി വെളിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. മാണിക്ക് രണ്ടു തവണയായി ഏഴുകോടി നല്‍കിയെന്ന് ബാര്‍ ഉടമകളുടെ യോഗത്തിലാണ് അസോസിയേഷന്‍ ഭാരവാഹി അനിമോന്‍ വിശദീകരിക്കുന്നത്. കൈക്കൂലി എണ്ണിത്തിട്ടപ്പെടുത്താന്‍ പാലായിലെ മാണിയുടെ വസതിയില്‍ നോട്ട്‌ എണ്ണല്‍ യന്ത്രമുണ്ടെന്നും ശബ്‌ദരേഖയില്‍ പറയുന്നു. ബാര്‍ കോഴ ആരോപണം ആദ്യമായി ഉന്നയിച്ച ബിജു രമേശ് ബുധനാഴ്ച വിജിലന്‍സിന് കൈമാറാന്‍ ഉദ്ദേശിക്കുന്ന ശബ്ദരേഖയിലാണ് ഈ സംഭാഷണമുള്ളത്.

തുടര്‍ന്ന്‌ ശബ്‌ദരേഖയുടെ പൂര്‍ണരൂപം പകര്‍ത്തിയ വിജിലന്‍സ്‌ എ.ഡി.ജി.പി ജേക്കബ്‌ തോമസ്‌, കൂടുതല്‍ അന്വേഷണത്തിനായി എസ്‌.പി ആര്‍. സുകേശന് രാത്രി വൈകി നിര്‍ദേശം നല്‍കി. വേണ്ടിവന്നാല്‍ മാണിയെ വീണ്ടും ചോദ്യംചെയ്യാന്‍ നിര്‍ദേശിച്ച ജേക്കബ്‌ തോമസ്‌, ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടെന്നും വ്യക്‌തമാക്കി.

ബാറുകള്‍ പൂട്ടാതിരിക്കാന്‍ 5 കോടി രൂപ നല്‍കാനായി കൊണ്ടുപോയി, 418 ബാറുകള്‍ തുറക്കാതിരിക്കാന്‍ 2 കോടി രൂപ നല്‍കി, മാര്‍ച്ചിലെ മന്ത്രിസഭാ യോഗത്തിന്​ മുമ്പായി മാണിയെ കണ്ട്​ പണത്തിന്റെ കാര്യം സംസാരിച്ചു എന്നിവയാണ്​ ശബ്ദരേഖയിലുള്ളത്​.  2014 മാര്‍ച്ചിലെ മന്ത്രിസഭാ യോഗത്തിനു മുമ്പായി കെ.എം മാണിയെ കണ്ടതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നുണ്ട്​. പിന്നീട്​ 5 കോടി രൂപയുമായി പാലായിലെ വീട്ടില്‍ രാത്രി 1 മണിക്ക്‌ ചെന്നു. 418 ബാറുകള്‍ പൂട്ടിയ ശേഷം അവ തുറക്കാതിരിക്കാന്‍ ഒരു വിഭാഗം ബാറുടമകള്‍ 2 കോടി രൂപ കെ.എം മാണിക്ക്‌ നല്‍കി. ആകെ 30 കോടി രൂപയുടെ ഇടപാട്​ നടന്നതായി സംഭാഷണം സൂചന നല്‍കുന്നു.

കൂടാതെ നിയമവകുപ്പിന്റെ ചുമതലയുളള മന്ത്രി മാണി സ്വാധീനമുപയോഗിച്ചു തന്നെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നുവെന്നും ബാര്‍ കോഴക്കേസില്‍ കര്‍ശനനടപടികളുമായി മുന്നോട്ടുപോകുന്ന വിജിലന്‍സ്‌ എ.ഡി.ജി.പി ജേക്കബ്‌ തോമസിനെതിരേ നീക്കങ്ങള്‍ നടത്തുന്നുവെന്നും ബിജു രമേശ്‌ ആരോപിച്ചു.  അതേസമയം, മൊഴി നല്‍കാന്‍ കഴിഞ്ഞ ദിവസം എത്താമെന്നു വിജിലന്‍സിനെ അറിയിച്ച ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ രാജ്‌കുമാര്‍ ഉണ്ണിയും വൈസ്‌ പ്രസിഡന്റ്‌ കൃഷ്‌ണദാസും എത്തിയില്ല.