ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തിയ ഒ.കെ.വാസുവിന് നേരെ ബോംബേറ്; മറ്റൊരു സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

single-img
20 January 2015

O-K-Vasuആര്‍എസ്എസ് ബൈക്ക് റാലിക്ക് നേരേ കല്ലേറുണ്ടാകുകയും സിപിഎം ഓഫീസ് ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന പാറാട് മേഖലയില്‍ സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവ സ്ഥലത്തേക്ക് പോയ സിപിഎം നേതാവ് ഒ.കെ. വാസുമാസ്റ്ററുടെ വാഹനത്തിനു നേരേ ബോംബാക്രമണമുണ്ടായി. ബിജെപി വിട്ട് സിപിഎമ്മിലെത്തിയ നേതാവാണ് വാസുമാസ്റ്റര്‍.

രാവിലെ 6.30 ഓടെയാണ് സംഭവം. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ തൂവക്കുന്ന് നെല്ലിയുള്ള പറമ്പത്ത് വിജേഷിനെ(30) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന വിജേഷിനെ വീട്ടിനുള്ളില്‍ കയറിയാണ് അക്രമി സംഘം വെട്ടി വീഴ്ത്തിയത്. ദേഹമാസകലം വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള വിജേഷിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ ശേഷമാണ് കോഴിക്കോടേക്ക് കൊണ്ടുപോയത്.

വിജേഷിനെ ആക്രമിച്ചതറിഞ്ഞ് വീട്ടില്‍ നിന്നും പുറപ്പെട്ട ഒ.കെ. വാസുമാസ്റ്ററുടെ സ്‌കോര്‍പിയോ കാറിനു നേരെ സെന്‍ട്രല്‍ പൊയിലൂര്‍ റേഷന്‍ കടക്കു സമീപം വച്ചാണ് ബോംബാക്രണമുണ്ടായത്. ഇരുപതോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ വാഹനത്തിനു നേരെ ബോംബെറിയുകയായിരുന്നുവെന്ന് വാസുമാസ്റ്റര്‍ പറഞ്ഞു. കാറില്‍ താനും ഭാര്യയും ഗണ്‍മാനും ഡ്രൈവറുമാണുണ്ടായിരുന്നത്. രണ്ട് ബോംബുകളാണ് കാറിനു നേരേ എറിഞ്ഞത്.വാഹനത്തിനു കേടുപാടുകള്‍ സംഭവിച്ചെങ്കിലും താനും കുടുംബവും ഗണ്‍മാനുമുള്‍പ്പെടെയുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടതായും വാസു മാസ്റ്റര്‍ പറഞ്ഞു.