മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം, ശബരിമല നടയടച്ചു

single-img
20 January 2015
Sabariശരണമന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം. ഇന്ന് രാവിലെ രാജപ്രതിനിധിയുടെ ദര്‍ശനം നടത്തിയതോടെ ശബരിമല നടയടച്ചു.  മകരസംക്രമദിനത്തില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ തിരുവാഭരണങ്ങളടങ്ങിയ പേടകങ്ങളുമായി പന്തളത്തുനിന്നുള്ള സംഘം പുലര്‍ച്ചെ മലയിറങ്ങി.
പുലര്‍ച്ചെ അഞ്ചിന് നടതുറന്ന് അഭിഷേകത്തിനും മഹാഗണപതിഹോമത്തിനും ശേഷമാണ് രാജപ്രതിനിധി കേരളവര്‍മ്മരാജ അയ്യപ്പദര്‍ശം നടത്തിയത്. ഇന്ന് രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം അനുവദിച്ചത്.
തുടര്‍ന്ന് ഇക്കഴിഞ്ഞ തീര്‍ത്ഥാടനകാലത്തെ ക്ഷേത്രവരുമാനത്തിന്റെ വിഹിതമടങ്ങിയ പണക്കിഴി മേല്‍ശാന്തി രാജപ്രതിനിധിക്ക് കൈമാറി. ഇതേസമയം ശ്രീകോവിലിന്റെ താക്കോലും വരുംതീര്‍ത്ഥാടനകാലത്തെ പൂജാദികര്‍മ്മങ്ങള്‍ക്കുള്ള പണക്കിഴിയും രാജപ്രതിനിധി മേല്‍ശാന്തിക്ക് കൈമാറി.
തുടര്‍ന്ന പൊന്നമ്പലമേട്ടില്‍ ഉദിച്ചുനില്‍ക്കുന്ന മകരനക്ഷത്രത്തെ സാക്ഷി നിര്‍ത്തി രാജപ്രതിനിധി മലയിറങ്ങിയതോടെയാണ് ഇത്തവണത്തെ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് സമാപനമായത്.