പോര്‍വിളിക്കായി കേരളാ കോണ്‍ഗ്രസില്‍ പടയൊരുക്കം, പിസി ജോര്‍ജിനെ വീഴ്ത്താന്‍ പാര്‍ട്ടിയിലെ പ്രബലവിഭാഗം

single-img
20 January 2015

PC_George_EPSബാര്‍ കോഴ വിവാദത്തില്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ വീഴ്ത്താന്‍ കേരളാ കോണ്‍ഗ്രസിലെ പ്രബലവിഭാഗം. കെ എം മാണിക്കെതിരെ ബിജു രമേശുമായി ഫോണ്‍ സംഭാഷണം നടത്തിയ പി സി ജോര്‍ജിനെതിരെ കേരളാ കോണ്‍ഗ്രസിലെ പ്രമുഖനേതാക്കളെല്ലാം രംഗത്തെത്തിക്കഴിഞ്ഞു. മാണിക്കെതിരെ ഉന്നയിക്കപ്പെട്ട കോഴ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കാന്‍ സാധിക്കാതെ കേരള കോണ്‍ഗ്രസ് പകച്ചുനില്‍ക്കുമ്പോഴാണ് പി സി ജോര്‍ജ് കെ എം മാണിക്കെതിരെ ശക്തമായി രംഗത്തുവരാന്‍ ബിജു രമേശിനോട് ആവശ്യപ്പെട്ടതിന്റെ ഫോണ്‍ ശബ്ദരേഖ പുറത്തായിരിക്കുന്നത്.

 

 

പുതിയ സംഭവവികാസങ്ങള്‍ പിസി ജോര്‍ജിനെ അടിക്കാനുള്ള വടിയായിട്ടാണ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം കരുതുന്നത്. കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളാണ് മാണിയെ കുടുക്കാന്‍ കരുക്കള്‍ നീക്കിയതെന്ന ആക്ഷേപമാണ് നേരത്തെ പി സി ജോര്‍ജ് ഉന്നയിച്ചിരുന്നത്. എന്നാല്‍ ശബ്ദരേഖ പുറത്തുവന്നതോടെ സംശയത്തിന്റെ മുന പി.സി ജോര്‍ജിലേക്ക് തന്നെ എത്തിനില്‍ക്കുന്നു. ബാര്‍ വിഷയത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് പറയാനില്ലെന്നുമാണ് കെ എം മാണി അടക്കമുള്ള നേതാക്കള്‍ നാളിതുവരെ നിലപാടെടുത്തത്. പി.ജെ ജോസഫ് വിഭാഗത്തിലെ നേതാക്കളും പി.സി ജോര്‍ജിനെതിരെ കരുക്കള്‍ നീക്കുന്നതില്‍ മുന്‍പന്തിയിലുണ്ട്.

 

 

അതേസമയം ബിജു രമേശുമായി താന്‍ സംസാരിച്ചത് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയെ രക്ഷപ്പെടുത്തുന്നതിനാണെന്നാണ് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. ബിജു രമേശിനെ താന്‍ അങ്ങോട്ട് വിളിച്ചിട്ടില്ല. തന്നെ ഇങ്ങോട്ടു വിളിക്കുകയായിരുന്നു. അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജോര്‍ജിനെതിരെ ഉയര്‍ന്ന വിവാദം അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കൂടുതല്‍ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് കെ എം മാണി ഇന്നലെ ശ്രമിച്ചത്. ബാര്‍ കോഴ വിവാദത്തില്‍ മാണിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് കടക്കേണ്ടെന്ന നിലപാടാണ് മാണിയുടേതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.