കിരൺ ബേദിയോട് അഞ്ച് ചോദ്യങ്ങൾ ചോദിച്ച് ഡൽഹിയിലെ സ്ത്രീകൾ

single-img
20 January 2015

kiran-bediന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദിയോട് അഞ്ച് ചോദ്യങ്ങൾ ചോദിച്ച് ഡൽഹിയിലെ സ്ത്രീകൾ. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയോട് ചോദ്യങ്ങൾ ചോദിക്കാൻ ‘വിമൻ ഓഫ് ഇന്ത്യ ആസ്ക്ക്, 5 മിനിറ്റ്സ് പ്ലീസ്, മിസ് കിരൺ ബേദി’ എന്ന പേരിലുള്ള പേജിലാണ് ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നത്. ഇതോടൊപ്പം പേജിൽ കിരൺ ബേദിയുമായി ബന്ധപ്പെട്ട് ദേശീയ വെബ്സൈറ്റുകളിൽ വന്ന വാർത്തകളുടെ ലിങ്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പേജ് ആരംഭിച്ച് 24 മണിക്കൂറിനിടെ ആയിരം ലൈക്കുകളാണ് ലഭിച്ചത്.

രാജ്യത്തെ ആദ്യത്തെ ഐ പി എസ്‌ ഓഫീസർ എന്ന നിലയ്ക്ക് സ്ത്രീശക്തിയുടെ ദേശീയ ബിംബമായി ആഘോഷിക്കപ്പെടുന്ന താങ്കൾ ഇപ്പോൾ ബി.ജെ.പിയിൽ ചേരുന്നതിലൂടെ ആ പാർട്ടിയുടെയും കഴിഞ്ഞ ഏഴ് മാസത്തെ കേന്ദ്ര ഭരണത്തെ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ ഈ രാജ്യത്തിലെ സ്ത്രീകളായ തങ്ങൾക്ക് താങ്കളോട് ചിലത് ചോദിക്കാനുണ്ട്. ചോദ്യങ്ങൾ താഴെ ചേർക്കുന്നു. മറുപടി പറയാൻ അഞ്ചു മിനിറ്റിൽ അധികം വേണ്ടി വരില്ല. സമയക്കുറവുണ്ടെങ്കിൽ  “അതെ” അല്ലെങ്കിൽ “അല്ല” എന്ന് പറഞ്ഞാലും മതി.

kiran

ചോദ്യങ്ങൾ
1. വസ്ത്രധാരണം, ജോലി, പ്രണയം തുടങ്ങിയ കാര്യങ്ങളിൽ ഒരു കാരണവശാലും സ്ത്രീകൾക്ക് അംഗീകരിക്കാൻ കഴിയാത്തവരാണ് ഹിന്ദുത്വ വാദികൾ. സ്ത്രീകൾ ജീൻസിടുന്നതിനെ എതിർക്കുകയും സമുദായത്തിന് വേണ്ടി സ്ത്രീകൾ നാല് പ്രസവിക്കണമെന്ന് പ്രസ്താവന ഇറക്കുകയും ചെയ്യുന്ന ഹിന്ദുത്വവാദികൾക്ക് തങ്ങളുടെ വാദം ബലം പ്രയോഗിച്ച് അടിച്ചേൽപ്പിക്കാനും മടിയില്ല. സദാചാരത്തിന്റെ പേര് പറഞ്ഞു ഇവർ സ്ത്രീകളെ ആക്രമിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോലിയോ പ്രണയമോ വസ്ത്രധാരണമോ ആവട്ടെ, സ്വയം തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശം നിഷേധിക്കുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? യോജിക്കുന്നെങ്കിൽ, കേന്ദ്രം ഭരിക്കുകയും ഡൽഹി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്ന പാർട്ടിയിൽ നിന്ന് തങ്ങളെന്താണ് പ്രതീക്ഷിക്കേണ്ടത്?യോജിക്കുന്നില്ലെങ്കിൽ, സ്ത്രീകളോടുള്ള അവരുടെ നിലപാട് എങ്ങിനെ മാറ്റാമെന്നാണ് താങ്കൾ ഉദ്ദേശിക്കുന്നത്?

2. ബിജെപിയിലെ 63 എം.പിമാർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന റിപ്പോർട്ടുകളെ പറ്റി താങ്കൾക്ക് അറിവുണ്ടാകുമല്ലോ. ഇവയിൽ പലതും ബലാത്സംഗവും പീഡനവുമടക്കം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളാണ്. സ്വന്തം പാർട്ടിയിൽ ഇത്തരക്കാർ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നതിനെ താങ്കൾ അംഗീകരിക്കുന്നുണ്ടോ?

3.ഹിന്ദുത്വവാദികൾ അധികാരത്തിൽ എത്തിയതോടെ മതന്യൂനപക്ഷങ്ങളുടെ നേർക്കുള്ള അതിക്രമങ്ങൾ ക്രാമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഡൽഹിയിലെ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ മാത്രം നോക്കിയാൽ മതി. കലാപങ്ങളും വർഗീയ മനോഭാവവും എപ്പോഴും സ്ത്രീ വിരുദ്ധമാണ്. അവ ബാക്കിയാക്കുന്ന രണ്ടു സ്ത്രീവിരുദ്ധ നിലപാടുകളിൽ ഒന്നിൽ ‘ശത്രു’ വിഭാഗത്തിന്റെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുക മറ്റൊന്നിൽ സ്വന്തം സമുദായത്തിലെ പുരുഷൻമാരുടെ കീഴിൽ, അവരുടെ നിർദ്ദേശമനുസരിച്ച് ഒത്തുങ്ങികൂടുക. ഒരു സ്ത്രീയെന്ന നിലയ്ക്ക് താങ്കൾ ഹിന്ദുത്വവാദികളുടെ വർഗീയ അസഹിഷ്ണുതയെ തള്ളി പറയുമോ? അതോ പാട്ടിയിൽ ചേർന്ന് കഴിഞ്ഞ സ്ഥിതിക്ക് ഇക്കാര്യത്തിലും അവരെ പിന്തുണയ്ക്കുമോ?

4. റെയിൽവേ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങളും മരുന്ന് കമ്പനികൾക്ക് തോന്നിയ പോലെ വിലയിടാനുള്ള നിയമ സഹായവും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നവയാണ്. താങ്കളുടെ പാർട്ടിയുടെ വികസന പദ്ധതികളെ സാക്ഷാത്കരിക്കാൻ ഈ നീക്കങ്ങൾ അത്യാവശ്യമാണെന്ന് താങ്കൾ വിചാരിക്കുന്നുണ്ടോ?

5. ഹിന്ദുത്വവാദികൾ കാരണം ചരിത്രം, സാമൂഹിക, ശാസ്ത്രം വിഷയങ്ങൾ എന്നിവയുടെ സമാധാനപരമായ പഠിക്കലും പഠിപ്പിക്കലും ബുദ്ധിമുട്ടാവുന്ന സ്ഥിതിയാണ്  വന്നു പെട്ടിരിക്കുന്നത്. വിദ്യാഭ്യാസമുള്ള സ്ത്രീ എന്ന നിലയ്ക്ക് വിദ്യാഭ്യാസത്തിന്റെ ഈ അളവിലുള്ള പാർട്ടിവത്കരണത്തെ നിങ്ങൾ അനുകൂലിക്കുന്നുവോ?

ചോദ്യങ്ങളിൽ നിന്ന് ഓടിഒളിക്കുന്ന ഒരാളല്ല താങ്കളെന്നു തങ്ങൾക്കറിയാമെന്നും കൂടാതെ സ്ത്രീ സുരക്ഷയോടുള്ള പ്രതിബദ്ധതയ്ക്ക് മുന്പ് അംഗീകരിക്കപ്പെട്ട ആളുമാണ് താങ്കൾ. ഇന്ത്യയിലെ സ്ത്രീ ശക്തിയുടെ പ്രതീകമെന്ന നിലയ്ക്ക് താങ്കൾ നടത്തിയ രാഷ്ട്രീയ തിരഞ്ഞെടുപ്പ് തങ്ങളിൽ പലരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. മേൽ പറഞ്ഞ വിഷയങ്ങളിൽ ഉത്തരം കിട്ടുന്നതോടെ തങ്ങളുടെ സംശയങ്ങൾക്കും മറുപടി കിട്ടും. പ്രതികരിക്കാനപേക്ഷ.

കൃതജ്ഞതയോടെ
ഒരു കൂട്ടം സ്ത്രീകൾ