വിവാദങ്ങൾക്ക് ഒടുവിൽ!!! വിദ്യാര്‍ഥിനിയെ അപമാനിച്ച കെ.എസ്‌.ആര്‍.ടി.സി കണ്ടക്‌ടറെ പോലീസ്‌ അറസ്റ്റു ചെയ്തു

single-img
20 January 2015

ksrtcകല്‍പ്പറ്റ: വിവാദ കെ.എസ്‌.ആര്‍.ടി.സി കണ്ടക്‌ടറെ കല്‍പ്പറ്റ പോലീസ്‌ അറസ്റ്റു ചെയ്തു. മൈസൂര്‍ ബസിലെ യാത്രക്കാരിയെ അപമാനിച്ച കണ്ടക്‌ടറെ പോലീസ്‌ വിട്ടയച്ചിരുന്നു. ഇത്‌ വിവാദമായതിനെ തുടര്‍ന്നാണ് കല്‍പ്പറ്റ പോലീസ്‌ കഴിഞ്ഞ ദിവസം കര്‍ണാടകയിലെത്തി കണ്ടക്‌ടറായ എറണാകുളം സ്വദേശി ഷാജിയെ അറസ്‌റ്റു ചെയ്‌തത്.

ഞായറാഴ്‌ച രാത്രി 11.15 ന്‌ എറണാകുളത്തുനിന്നും മൈസൂരിലേക്ക്‌ പുറപ്പെട്ട ബസിലാണ്‌ സംഭവം നടന്നത്‌. പെണ്‍കുട്ടിയോട് മോശം പെരുമാറിയ കണ്ടക്‌ടറെ പുലര്‍ച്ചെ  വഴിമധ്യേയുള്ള മീനങ്ങാടി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. എന്നാല്‍ കണ്ടക്‌ടറെ അറസ്‌റ്റ് ചെയ്‌താല്‍ ബസ്‌ സര്‍വീസ്‌ മുടങ്ങുമെന്ന്‌ കാരണം പറഞ്ഞ്‌ പോലീസ്‌ കണ്ടക്‌ടറെ വിട്ടയക്കുകയായിരുന്നു. ഈ സമയം പോലീസ്‌ വിദ്യാര്‍ഥിനിയെ കല്‍പ്പറ്റ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി പരാതി എഴുതി വാങ്ങിച്ചശേഷം പെണ്‍കുട്ടിയെ സ്‌റ്റേഷനില്‍ നിറുത്തുകയാണ്‌ ചെയ്‌തത്‌. സംഭവം വിവാദമായതോടെ  കഴിഞ്ഞ ദിവസം രാവിലെ പോലീസ്‌ കല്‍പ്പറ്റ കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്‌ടറെ കൂട്ടി മൈസൂരിലേക്ക്‌ പുറപ്പെട്ടു.

ഈ കണ്ടക്‌ടറെ ചുമതല ഏല്‍പ്പിച്ച ശേഷം പരാതിയില്‍ പറയുന്ന കണ്ടക്‌ടറെ മൈസൂരില്‍ നിന്നു തന്നെ പിടികൂടി കല്‍പ്പറ്റയിലേക്ക്‌ കൊണ്ടുവരുകയായിരുന്നു. ഏഴുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ കിട്ടാവുന്ന വകുപ്പാണെങ്കില്‍ മാത്രമേ പ്രതിയെ തല്‍സമയം അറസ്‌റ്റു ചെയേ്ണ്ടതുള്ളുവെന്ന നിലപാടാണ്‌ പോലീസ്‌ സ്വീകരിച്ചത്‌. എന്നാല്‍ പകരം കണ്ടക്‌ടറെ നിയമിച്ച്‌ ബസ്‌ സര്‍വീസ്‌ മുടങ്ങാതെ തന്നെ പ്രതിയെ അറസ്‌റ്റു ചെയ്യാമായിരുന്നുവെന്ന്‌ ആരോപണമുയര്‍ന്നതോടെ പോലീസ്‌ പ്രതിരോധത്തിലായി.

വിദ്യാര്‍ഥിനിയുടെ പരാതിയെ നിസാരമായി കണ്ട പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയുണ്ടാവാനും സാധ്യതയുണ്ട്‌. പോലീസ്‌ സേനയിലുള്ള പ്രതിയുടെ ബന്ധു ചെലുത്തിയ സ്വാധീനം കാരണമാണ്‌ പോലീസ്‌ ആദ്യം കണ്ടക്‌ടര്‍ക്കെതിരേ നടപടി സ്വീകരിക്കാതിരുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്‌.