മിസ് ഇസ്രായേലിനൊപ്പം ഗ്രൂപ്പ്‌ സെല്‍ഫിക്ക്‌ പോസ്‌ ചെയ്‌ത മിസ് ലബനോണ്‍ വിവാദത്തിൽ

single-img
19 January 2015

universe-lebanonഇസ്രായേല്‍ സുന്ദരിക്കൊപ്പം ഗ്രൂപ്പ്‌ സെല്‍ഫിക്ക്‌ പോസ്‌ ചെയ്‌ത ലബനോണ്‍ സുന്ദരി വിവാദത്തിൽ. മിസ്‌ യൂണിവേഴ്‌സ് മത്സരത്തില്‍ ലബനോനെ പ്രതിനിധീകരിക്കുന്ന സാലി ഗ്രേയ്‌ജ് മത്സരത്തിനിടയില്‍ മിസ്‌ ഇസ്രായേല്‍ ഡോറന്‍ മറ്റാലനുമായി ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌തതാണ് പ്രശ്നമായത്. തുടർന്ന് ഗ്രേയ്‌ജില്‍ നിന്നും മിസ്‌ ലെബനോണ്‍ പട്ടം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട്‌ അനേകം പേർ രംഗത്ത്‌ വന്നു.

കടുത്ത ശത്രുക്കളായി ഇസ്രായേലും ലബനോനും തുടരുമ്പോഴാണ്‌ മിസ്‌ ഇസ്രായേലിനൊപ്പം മിസ്‌ ലബനോന്‍ ഗ്രൂപ്പ്‌ സെല്‍ഫിക്ക്‌ തയ്യാറായത്‌. മിയാമിയില്‍ ജനുവരി 11ന് എടുത്ത ഗ്രൂപ്പ്‌ സെല്‍ഫിയില്‍ ഇവര്‍ക്കൊപ്പം മിസ്‌ ജപ്പാനും മിസ്‌ സ്‌ളോവാനിയയും  ഉണ്ടായിരുന്നു. അതേസമയം ഈ അവസരം ഒഴിവാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നതായി ലബനോന്‍ സുന്ദരി പറയുന്നു. മിസ്‌ ജപ്പാനും മിസ്‌ സ്‌ളോവാനിയയ്‌ക്കും ഒപ്പം സെല്‍ഫിയാണ്‌ താന്‍ പ്‌ളാന്‍ ചെയ്‌തതെന്നും. എന്നാല്‍ അവിടേയ്‌ക്ക് മിസ്‌ ഇസ്രായേല്‍ കയറിപ്പറ്റിയതാണെന്നും ഗ്രേയ്‌ജ് തന്റെ സോഷ്യൽ മീഡിയ പേജില്‍ ന്യായീകരിച്ചിട്ടുണ്ട്‌.

സംഭവത്തെ ‘ഫോട്ടോബോംബ്‌’ എന്നാണ്‌ ലബനീസ്‌ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്‌. മിസ്‌ ലബനോന്‍ 2014 കിരീടം ഗ്രേയ്‌ജില്‍ നിന്നും തിരികെ വാങ്ങണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേസമയം എല്ലാം തന്റെ വലിയ പിഴയാണെന്ന്‌ പറഞ്ഞുകൊണ്ട്‌ മിസ്‌ ഇസ്രായേലും ഇപ്പോള്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌. സംഭവിച്ചതില്‍ തനിക്ക്‌ വിഷമമുണ്ടെന്നും അവര്‍ പറഞ്ഞു.