ബസ്സില്‍ വെച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടറിനെ സംരക്ഷിക്കാൻ പോലീസ് ശ്രമം

single-img
19 January 2015

ksrtcകല്‍പറ്റ: കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറിനെ സംരക്ഷിക്കാൻ പോലീസ് ശ്രമം. കൂടാതെ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് നേര്‍ക്ക് പോലീസിന്റെ അവഗണനയും. സംഭവത്തെ കുറിച്ച് പരാതിപ്പെടാൻ പോലീസ് സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ അവിടെ ഇരുത്തി കണ്ടക്ടറെ വിട്ടയച്ചു.   ഒടുവിൽ പോലീസിന്റെ നിഷ്‌ക്രിയത്വം വാര്‍ത്തയായതോടെ കണ്ടക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

മീനങ്ങാടിയിലാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി സര്‍വ്വീസ് തടസ്സപ്പെടാതിരിക്കാനാണ് കണ്ടക്ടറെ വിട്ടയച്ചതെന്നാണ് പോലീസ് ഭാഷ്യം.

ജനുവരി 19 ന് എറണാകുളം-മൈസൂര്‍ ബസ്സിലെ കണ്ടക്ടറാണ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. കല്‍പ്പറ്റയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി എറണാകുളത്ത് നിന്ന് സീറ്റ് മുന്‍കൂട്ടി റിസര്‍വ്വ് ചെയ്തായിരുന്നു ബസ്സില്‍ കയറിയത്. എന്നാല്‍ കണ്ടക്ടറുടെ ആവശ്യപ്രകാരം സീറ്റ് മാറി ഇരിക്കേണ്ടി വന്നത്രെ. പിന്നീട് പല തവണ കണ്ടറുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായി. തുടർന്ന് മറ്റ് യാത്രക്കാര്‍ കൂടി ഇടപെട്ടപ്പോള്‍ ബസ് മീനങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ പരാതി എഴുതി വാങ്ങിയ പോലീസുകാര്‍ കണ്ടക്ടറേയും ബസ്സിനേയും വിട്ടയച്ചു.

പെണ്‍കുട്ടിയെ സ്റ്റേഷനില്‍ തന്നെ ഇരുത്തുകയും ചെയ്തു. ഈ സംഭവം വാര്‍ത്തയായതോടെയാണ് പോലീസുകാര്‍ തങ്ങളുടെ നടപടി ന്യായീകരിച്ച് രംഗത്തെത്തി.

ബസിലെ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് കണ്ടക്ടറെ വിട്ടയച്ചതെന്നാണ് പൊലീസിന്റെ ഭാഷ്യം. എന്നാൽ സംഭവം വിവാദമായതോടെ പൊലീസ് കണ്ടക്ടർക്കെതിരെ കേസെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു. തിരുവനന്തപുരം ട്രാഫിക് സ്‌റ്റേഷനിലെ പൊലീസുകാരിയുടെ ഭർത്താവാണ് പ്രതിയായ കണ്ടക്ടർ എന്ന് പറയപ്പെടുന്നു.

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.