ദില്ലിയില്‍ 1020 വെടിയുണ്ടകളുമായി മൂവർ സംഘം പിടിയിൽ

single-img
19 January 2015

delhiദില്ലി: ദില്ലിയില്‍ വന്‍ ആയുധവേട്ട. കിഴക്കന്‍ ഡല്‍ഹിയില്‍ മെട്രോസ്റ്റേഷനു സമീപത്തു നിന്നാണ് വന്‍ വെടിയുണ്ട ശേഖരം പിടികൂടിയത്. ആയിരത്തിലധികം വെടിയുണ്ടകളും ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തെത്തുടര്‍ന്ന് ദില്ലിയില്‍ സുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കി. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മീറത്ത് സ്വദേശി മുഹമ്മദ് ഷരീഖ്, സീതാപൂര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍, ഉത്തരാഖണ്ഡില്‍ നിന്നുള്ള ഫാഹിം മിയാന്‍ എന്നിവരാണ് അറസ്റ്റിലായത്. 1020 വെടിയുണ്ടകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

റിപ്പബ്ലിക്ക് ദിനത്തില്‍ ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ദില്ലിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കിഴക്കന്‍ ദില്ലിയിലെ വെല്‍കം മെട്രോസ്‌റ്റേഷന്റെ അടുത്തുനിന്ന് ആയിരത്തോളം വരുന്ന വെടിയുണ്ടകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തത്.

പൊതുപരിപാടികളിലടക്കം ഒബാമ പങ്കെടുക്കുന്നതിനാല്‍ വന്‍ സുരക്ഷാക്രമീകരണങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റിനായി ഇന്ത്യ ഒരുക്കിയിരിക്കുന്നത്. റിപ്പബ്ലിക് ദിനപരേഡ് നടക്കുന്ന രാജ്പഥിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവ് വിമാനനിരോധിതമേഖലയാക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രകടനം നടക്കുന്നതിനാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. പക്ഷേ, പ്രകടനത്തില്‍ പങ്കെടുക്കാത്ത വിമാനങ്ങളെ ഒഴിവാക്കാമെന്നും ഇന്ത്യ അമേരിക്കയെ അറിയിച്ചു. 18 ഫൈറ്റര്‍ വിമാനങ്ങളും പത്ത് കോപ്റ്ററുകളും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 15 വിമാനങ്ങളും പരേഡില്‍ ശക്തിപ്രകടനത്തിനായി അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.