കുഞ്ഞുഞ്ഞിന്റെ നീക്കങ്ങളില്‍ സുധീരന്‍ വീണു, ആദര്‍ശം മറന്ന കെ.പി.സി സി പ്രസിഡന്റ്

single-img
18 January 2015

BL23_POL_CHANDY_2073902gപറയുന്നതെല്ലാം എപ്പോഴും അംഗീകരിക്കണമെന്നില്ല. അതുതന്നെയാണ് മദ്യനയത്തില്‍ സുധീരന്റെ നിലപാടിലും സംഭവിച്ചത്. മദ്യനയത്തില്‍ സര്‍ക്കാര്‍ നിലപാടുകളെ പൂര്‍ണ്ണമായും എതിര്‍ത്ത സുധീരന്‍ ഒടുവില്‍ ഉമ്മന്‍ചാണ്ടി നടത്തിയ നീക്കങ്ങളില്‍ വീഴുകയായിരുന്നു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഇപ്പോള്‍ പൂര്‍ണമായും സര്‍ക്കാരിന് വിധേയനായി എന്ന് നിസംശയം പറയാം. മദ്യനയത്തിലടക്കം ഒരു വിഷയത്തിലും സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് കോട്ടം വരുത്തുന്ന തീരുമാനമുണ്ടാകരുതെന്ന എകെ ആന്റണിയുടെ നിര്‍ദ്ദേശം സുധീരനെ അംഗീകരിക്കേണ്ടിയും വന്നു. മദ്യനയത്തില്‍ തന്‍രെ നിലപാട് സുധീരന്‍ പല തവണ മുമ്പ് പരസ്യമായി പറഞ്ഞിട്ടുമുണ്ട്. സുധീരന്റെ വാക്കുകള്‍ മുമ്പ് പല തവണ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഇതോടെയാണ് ഹൈക്കമാന്‍ഡിന് പരാതി ലഭിക്കുന്നതും എകെ ആന്റണി ചര്‍ച്ചയ്ക്കായി കേരളത്തിലെത്തുന്നതും.

 

ശനിയാഴ്ച ഇന്ദിരാ ഭവനില്‍ ചേര്‍ന്ന കെപിസിസി യോഗത്തില്‍ എല്ലാ കാര്യങ്ങളിലും സമവായമുണ്ടാക്കി മുന്നോട്ടു പോകാനാണ് തീരുമാനമുണ്ടായിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് ഏറെക്കുറെ ഒറ്റപ്പെട്ട സുധീരനു മുന്നില്‍ പ്രസിഡന്റ് പദവി രാജിവെക്കുകമാത്രമേ വഴിയുണ്ടായിരുന്നുള്ളു. എന്നാല്‍, അതിന് അദ്ദേഹം തയ്യാറാകാത്തതോടെ സര്‍ക്കാരുമായി സന്ധിയിലാകാന്‍ തീരുമാനിക്കുകയായിരുന്നു. സുധീരന്റെ എതിര്‍പ്പിനെ തുടര്‍ന്ന് എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ മുഖ്യമന്ത്രി യോഗം ചേര്‍ന്നതും സുധീരന് വിനയായി. ഇരു ഗ്രൂപ്പുകളില്‍ നിന്നും യുഡിഎഫിലെ ഘടക കക്ഷികളില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടിവന്നതോടെ താന്‍ മുറുകെപ്പിടിച്ച നിലപാടുകളില്‍ നിന്നും പിന്നോട്ടുപോകാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുകയും ചെയ്തു. അങ്ങനെ സുധീരന് ഒരിക്കല്‍കൂടി ഉമ്മന്‍ചാണ്ടിക്ക് മുമ്പില്‍ മുട്ടുമടക്കേണ്ടിയും വന്നു.