ആരെയാകും ഇനി മരണം മാടിവിളിക്കുക, ശ്രീലങ്കയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ അജ്ഞാത വൃക്കരോഗം മൂലം മരണത്തിന് കീഴടങ്ങിയത് ഇരുപതിനായിരം ആളുകള്‍

single-img
17 January 2015
Kidneys-and-ureter-008ഒരു ചെറിയ ജലദോഷം വന്നാല്‍ നേരെയോടുക ആശുപത്രിയിലേക്കാണ്. കാരണം നിസാര അസുഖങ്ങള്‍ പോലും ഈ നാട്ടുകാര്‍ക്ക് നല്‍കുന്നത് മരണഭയമുണ്ട്. ശ്രീലങ്കയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ അജ്ഞാത വൃക്കരോഗം ഭീതിപരത്തുമ്പോള്‍ പലരും മരണത്തെ മുഖാമുഖം കാണുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 20000ത്തോളം പേരാണ് അജ്ഞാത രോഗം പിടിപെട്ട് മരിച്ചത്. 40ലക്ഷത്തോളം പേര്‍ രോഗത്തിന്റെ പിടിയില്‍പ്പെട്ട് മരണത്തോട് മല്ലടിക്കുന്നു. രോഗം കൂടുതല്‍ ആളുകളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇതിനുള്ള കാരണം മാത്രം അവ്യക്തമായി തുടരുകയാണ്.
ഒരോ മാസവും പത്തോളം പേരാണ് ഈ അജ്ഞാത വൃക്കരോഗം മൂലം ഇവിടെ മരിക്കുന്നത്. മുപ്പത് വയസ്സില്‍ താഴെയുള്ളവരാണ് മരിച്ചവരില്‍ അധികം എന്നതും ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുന്നു. രോഗത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെ പുറത്തുകാട്ടാതെ ആകസ്മിക മരണങ്ങളാണ് എന്നതിനാല്‍ ചികിത്സ പോലും സാധ്യമാകുന്നില്ല. രോഗഭീതിയിലായ നാട്ടുകാര്‍ ചെറിയ അസ്വസ്ഥതകള്‍ വരുമ്പോള്‍ പോലും അടുത്തുള്ള ആശുപത്രിയിലേക്ക് ഓടിയെത്തുന്ന സ്ഥിതിയാണിപ്പോള്‍. രാജംഗനയയിലുള്ള ചെറിയ ഡിസ്പന്‍സറിയില്‍ പോലും പുലര്‍ച്ചെ തന്നെ നിരവധി പേരാണ് പരിശോധനകള്‍ക്കും ചികിത്സക്കുമായെത്തുന്നത്.
അതേസമയം കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി കുടിവെള്ളത്തില്‍ കലര്‍ന്നതാകാം അസുഖ കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള ഒരു സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല. കുടിവെള്ളം തന്നെയാണ് പ്രധാന രോഗകാരണം എന്ന് കരുതുമ്പോഴും മറ്റ് മൂലകങ്ങളും രോഗകാരണമായേക്കാമെന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടനയെന്ന് പഠനം നടത്തിയ ശാന്തി മെന്‍ഡിസ് പറയുന്നു.