വിസ്മയപ്രകടനത്തില്‍ കണ്ണുചിമ്മാതെ കാണികള്‍; സാഹസികനായി ജോസ് കെ മാണി എം.പി

single-img
17 January 2015

jose k maniകഴിഞ്ഞ ദിവസം ജോസ് കെ മാണി എം.പി കുറവിലങ്ങാട് ദേവമാതാ കോളേജിലെത്തിയത് രാഷ്ട്രീയക്കാരനായിയല്ല. മറിച്ച് ഒരു സാഹസികന്റെ പകിട്ടോടെയാണ്. രണ്ടു മരങ്ങളിലായി വലിച്ചുകെട്ടിയ കയറില്‍ തൂങ്ങി 30 മീറ്റര്‍ ദൂരത്തില്‍ സാഹസിക യാത്ര. അതായിരുന്നു എം.പി യുടെ ലക്ഷ്യം. തെല്ലും പരിഭവമില്ലാതെ സാഹസികമായി തന്നെ ജോസ് കെ മാണി തന്‍റെ ലക്ഷ്യം പൂര്‍ത്തീകരിച്ചപ്പോള്‍ കാണികളുടെ മുഖത്ത് വിടര്‍ന്നതാകട്ടെ അത്ഭുതവും.

കേരള മൗണ്ടനീയറിങ് അസോസിയേഷന്റെ സംസ്ഥാന മൗണ്ടനീയറിങ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷമായിരുന്നു ജോസ് കെ മാണി എംപിയുടെ സാഹസിക നിറഞ്ഞ വാലി ക്രോസിങ്.

ദേവമാതാ കോളജ് അങ്കണത്തില്‍ രണ്ടു മരങ്ങളിലായി വലിച്ചുകെട്ടിയ കയറിലൂടെ തൂങ്ങി അദ്ദേഹം അക്കരെ എത്തിയപ്പോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തിയ താരങ്ങളും ഒഫിഷ്യല്‍സും അദ്ഭുതപ്പെട്ടു. തനിക്കെന്നും സാഹസികത ഇഷ്ടമാണെന്നായിരുന്നു എംപിയുടെ പ്രതികരണം. പര്‍വതാരോഹണവും വാലിക്രോസിങ്ങുമൊന്നും ഇതുവരെ നടത്തിയിട്ടില്ല. വാട്ടര്‍ സ്‌പോര്‍ട്‌സ്, പാരാ ഗ്ലൈഡിങ് എന്നിവ പരീക്ഷിച്ചിട്ടുണ്ട്. മൗണ്ടനീയറിങ്ങിന്റെ സംസ്ഥാന ചാംപ്യന്‍ഷിപ് ഉദ്ഘാടനം വേറിട്ടതാക്കണമെന്നു സംഘാടകര്‍ പറഞ്ഞപ്പോള്‍ സാഹസിക പ്രകടനത്തിന് മനസ്സുതുറന്നു സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.