മാലിന്യക്കൂമ്പാരം ഹരിതശോഭയ്ക്ക് വഴിമാറി; കൊച്ചിയുടെ മണ്ണില്‍ പൊന്നുവിളയിച്ച് ആന്റണിയുടെ വിജയഗാഥ

single-img
16 January 2015

anനഗരമധ്യത്തില്‍ കാടുപിടിച്ച കുറച്ചു സ്ഥലം ആളുകളുടെ കണ്ണില്‍പ്പെട്ടാല്‍ എന്താകും സ്ഥിതി. നഗരവാസികളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഇനി വേസ്റ്റ് തള്ളാന്‍ ഇനി മറ്റൊരിടം തപ്പി അലയേണ്ട. പനമ്പള്ളി നഗറില്‍ എട്ട് സെന്റ് സ്ഥലം കാടുപിടിച്ചു കിടക്കുന്നതു കണ്ടപ്പോള്‍ തൊട്ടടുത്തെ ഫ്‌ളാറ്റുകാര്‍ മനസില്‍ കണ്ടതും അതുതന്നെയാണ്. ഇനി വേസ്റ്റിടാനൊരു സ്ഥലമായല്ലോ എന്നായി പലരുടെയും ചിന്ത. പലരും രാത്രിയെന്നും പകലെന്നുമില്ലാതെ മത്സരിച്ച് വേസ്റ്റ് തള്ളുകയും ചെയ്തു. അതോടെ പ്രദേശമാകെ ദുര്‍ഗന്ധം പരന്നു. ഒടുവില്‍ സ്ഥലമുടമ ചെലവന്നൂര്‍ സ്വദേശി ആന്റണി എത്തി പല തവണ പരാതി പറഞ്ഞിട്ട് പോലും ആരും അതൊന്നും ഗവിനിച്ചില്ല.

ആളുകളോടെ പരാതി പറഞ്ഞുമടുത്ത ആന്റണി തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. പിന്നെ ആന്റണി കാത്തുനിന്നില്ല. പിറ്റേന്ന് അതിരാവിലെ തൂമ്പയും തോളിലേറ്റി സുഹൃത്തുക്കള്‍ക്കൊപ്പം ആന്റണി പറമ്പു കിളച്ചു മറിച്ചു. പുരയിടത്തിലെ മാലിന്യം മുഴുവന്‍ നീക്കാന്‍ ആന്റണിക്ക് വേണ്ടിവന്നത് ഒരാഴ്ചമാത്രം. പിന്നീടുള്ളകാഴ്ചകള്‍ കണ്ടാണ് പലരും അമ്പരന്നത്. പണിക്കാരെത്തി സ്ഥലത്ത് തടമൊരുക്കുന്നു. ചാക്കിലാക്കിയ ഇഞ്ചി വിത്തുകള്‍ തടത്തില്‍ വിതറാന്‍ കൂടി തുടങ്ങിയതോടെ ആന്റണിയിലെ കൃഷിക്കാരന്‍ രണ്ടും കല്‍പ്പിച്ചാണെന്ന് മനസിലായി. പലരും നെറ്റിചുളിച്ചു. എതിര്‍പ്പുകളും കളിയാക്കലുകളും ആന്റണി കാര്യമാക്കിയില്ല.

മാസങ്ങള്‍ക്ക് ശേഷം കോണ്‍ക്രീറ്റ് ചൂടിന് നടുവിലെ ഇഞ്ചിയുടെ തണലില്‍ ആന്റണി വിജയച്ചിരിയോടെ നില്‍ക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇഞ്ചികടിച്ചത് ഫ്‌ളാറ്റുകാര്‍ ഒന്നടങ്കമായിരുന്നു.  കൊച്ചിയിലെ തിരക്കിലാണ് ജനിച്ചതെങ്കിലും നാട്ടിന്‍ പുറത്തെ പച്ചപ്പായിരുന്നു ചെലവന്നൂര്‍ ആനാംതുരുത്തില്‍ ആന്റണിയുടെ മനസില്‍. പൊടിമീശ മുളയ്ക്കും മുമ്പേ ചെലവന്നൂരിലെ ഇത്തിരിയില്ലാത്ത വീട്ടുമുറ്റത്ത് തുടങ്ങിയ കൃഷി പിന്നീട് കര്‍ണ്ണാകടയില്‍വരെയെത്തിച്ചു. വര്‍ഷങ്ങളായി കര്‍ണ്ണാകടയില്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി ചെയ്യുകയാണ് ആന്റണി.  ഇപ്പോള്‍ 16 ഏക്കറിലാണ് കൃഷി. ഒരേക്കറില്‍ നിന്ന് ശരാശരി 18,000 കിലോ ഇഞ്ചി കിട്ടും. ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളാണ് മാര്‍ക്കറ്റ്.

രണ്ടും കല്‍പ്പിച്ച് തുടങ്ങിയതാണെങ്കിലും കൊച്ചിയിലെ ഇഞ്ചിയെല്ലാം പച്ചപിടിച്ചെന്ന് ആന്റണി പറയുന്നു. തണുപ്പ് ഏറെ ആവശ്യമുള്ള ഇഞ്ചിക്ക് കോണ്‍ക്രീറ്റിന്റെ ചൂടുതന്നെയായിരുന്നു വെല്ലുവിളി. നാല്‍പ്പതു കിലോ ഇഞ്ചി കൃഷി ചെയ്ത ആന്റണി ചൂട് ശമിപ്പിക്കാന്‍ സ്പ്രിംഗ്‌ളര്‍ ഉപയോഗിച്ച് രാവിലെയും വൈകിട്ടും നനച്ചുകൊടുത്തു. ചൂട് കുറയ്ക്കാന്‍ ചുറ്റും ടാര്‍പാളിന്‍ കൊണ്ട് മറച്ചു. കൊച്ചുകുട്ടിയെ പരിപാലിക്കുന്നപോലെയാണ് ആദ്യത്തെ ഒന്നര മാസം നോക്കിയത്. വിത്തു മുളച്ചു തുടങ്ങിയതോടെ ആശ്വാസമായി. രാസവളം തൊട്ടുതീണ്ടിയിട്ടില്ല. ചെലവ് കൂടിയെങ്കിലും ചാണകവും കോഴി കാഷ്ഠവും വേപ്പിന്‍ പിണ്ണാക്കുംഇട്ടുകൊടുത്തു.

കീടങ്ങളെ തുരത്താന്‍ വേപ്പെണ്ണയും മുളകു വെള്ളവും വെളുത്തുള്ളിയും ബാര്‍സോപ്പും ചേര്‍ത്ത മിശ്രിതം 15 ദിവസം കൂടുമ്പോള്‍ തളിച്ചു. 1,200കിലോയെങ്കിലും വിളവ് കിട്ടുമെന്നാണ് ആന്റണിയുടെ പ്രതീക്ഷ. നഗരമദ്ധ്യത്തിലെ കൃഷി വിപുലപ്പെടുത്തണമെന്നാണ് ആന്റണിയുടെ മോഹം. ഇതിനായി സ്ഥലം പാട്ടത്തിന് എടുക്കാനും ആന്റണിക്ക് ആലോചനയുണ്ട്.