ഐസിസ് അനുകൂലികൾ അമേരിക്കന്‍ സൈന്യത്തിന്റെ ട്വിറ്റര്‍, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

single-img
13 January 2015

is-hakവാഷിംഗ്ടണ്‍: ഐസിസ് അനുകൂലികൾ അമേരിക്കന്‍ സൈന്യത്തിന്റെ ട്വിറ്റര്‍, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. ഗള്‍ഫ് മേഖലയിലെ സൈനിക നീക്കങ്ങളെകുറിച്ച് വിവരങ്ങള്‍ നല്‍കുന്ന യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ട്വിറ്ററും യൂട്യൂബുമാണ് ഐസിസ് ഭീകരര്‍ ഹാക്ക് ചെയ്തത്. ഇതോടെ പ്രതിരോധമന്ത്രാലയത്തിന്റെ ട്വിറ്ററിന്റേയും യൂട്യൂബിന്റേയും പ്രവര്‍ത്തനം നിര്‍ത്തി.

ഇറാഖിലും സിറിയയിലും അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളുടെ ദൃശ്യങ്ങളുള്ള യുട്യൂബും ഐസിസ് ഭീകരര്‍ ഹാക്ക് ചെയ്തിട്ടുണ്ട്. ചൈനയുടേയും കൊറിയയുടേയും ഭൂപടവും പെന്റഗന്റെ പ്രതിരോധ ഇടപാടുകള്‍ക്ക് വേണ്ടിവന്ന ചെലവിന്റെ വിവരങ്ങളും ഐസിസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.  സൈബര്‍ നാശം വിതക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനമാണിതെന്ന് അമേരിക്ക അറിയിച്ചു. പ്രതിരോധ രേഖകള്‍ പരസ്യപ്പെടുത്തിയതില്‍ ആശങ്കപ്പെടാനില്ലെന്നും അമേരിക്ക വ്യക്തമാക്കി. പ്രതിരോധ വെബ്സൈറ്റുകളില്‍ ആര്‍ക്കും കാണാവുന്ന രേഖകളാണിവയെന്നും അതി പ്രധാനമായ ഒരു രേഖയും പരസ്യപ്പെടുത്തിയിട്ടില്ലെന്നും അമേരിക്ക വ്യക്തമാക്കി.

സൈബര്‍ ജിഹാദിനു തയ്യാറായിരിക്കാന്‍ ഐസിസ് ആഹ്വാനം ചെയ്തു. അമേരിക്കന്‍ സൈന്യത്തിന് താക്കീത് നല്‍കുന്ന തരത്തിലാണ് ഹാക്കര്‍മാര്‍ പേജ് ഉപയോഗിച്ചിരിക്കുന്നത്.  ഐസിസ് പതാകയുടെ കറുപ്പ്, വെളുപ്പ് നിറങ്ങള്‍ ചേര്‍ന്ന ബാനറില്‍ സൈബര്‍ ഖാലിഫേറ്റ് എന്ന എഴുത്തും പോസ്റ്റ് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ കമാന്‍ഡിനു നേരെയുണ്ടായ സൈബര്‍ ആക്രമണം അന്വേഷിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.

സൈബര്‍ സുരക്ഷയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ബാറക് ഒബാമ രാജ്യത്തോടായി പ്രസംഗിച്ച് ഏതാനും ദിവസങ്ങള്‍ക്കകമാണ് സൈനിക വിഭാഗത്തിനു നേരെ ഹാക്കിങ് നടക്കുന്നത്. സോണി പിക്ചേയ്സിനു നേരെയുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്നായിരുന്നു ഒബാമയുടെ പ്രസംഗം.