ദേശിയ ഗയിംസിനായി കാര്യവട്ടത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന തട്ടിക്കൂട്ട് സ്‌റ്റേഡിയത്തിന്റെ ഫോട്ടോ എടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ എഞ്ചിനീയറുടെ അശ്ലീല ആംഗ്യം

single-img
6 January 2015

Engineerഅഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ദേശിയഗയിംസിന്റെ കാര്യവട്ടത്തെ പ്രധാന വേദിയുടെ ചിത്രമെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ എഞ്ചിനീയറുടെ അശ്ലീല ആംഗ്യം. തട്ടിക്കൂട്ട് നിര്‍മ്മാണം നടക്കുന്ന സ്‌റ്റേഡിയത്തിനുള്ളിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാവിലെ സ്‌റ്റേഡിയം നിര്‍മ്മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സെക്യുരിറ്റിക്കാര്‍ തടയുകയായിരുന്നു. ഏകദേശം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ച മട്ടിലുള്ള സ്‌റ്റേഡിയത്തിന്റെ ചിത്രങ്ങള്‍ പുറത്തു നിന്നും ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ സമയത്താണ് തമിഴ്‌നാട് സ്വദേശിയായ എഞ്ചിനീയറുടെ നേതൃത്വത്തില്‍ മൂന്നുനാലുപേര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. എടുത്ത ചിത്രങ്ങള്‍ നശിപ്പിച്ചുകളയണമെന്നുള്ളതായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ അതു സാധ്യമല്ലെന്നും അതൊക്കെ പറയാന്‍ നിങ്ങളാരാണെന്നുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇവിടെ ഇപ്പോള്‍ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് ഞങ്ങളെന്നായിരുന്നു എഞ്ചിനീയറുടെ മറുപടി.

സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന മൈതാനത്തിന്റെ ഫോട്ടോയെടുക്കാന്‍ നിങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴാണ് എഞ്ചിനീയര്‍ തന്റെ തനി സ്വരൂപം പുറത്തെടുത്തത്. മാധ്യമപ്രവര്‍ത്തകരെ അശ്ലീലം പറഞ്ഞതിനൊപ്പം അവര്‍ക്കുനേരെ അശ്ലീല ആംഗ്യവും കാട്ടുകയായിരുന്നു.