ബോക്കോഹറാമും ഐഎസിന്റെ പാതയില്‍; സിറിയയില്‍ കണ്ട ദുരവസ്ഥ നൈജീരിയയിലേക്കും എത്തിനോക്കുന്നു

single-img
6 January 2015

bokoഅല്‍ഖ്വ യ്ദയും താലിബാനും. ആദ്യ കാലങ്ങളില്‍ ലോകം ഭീതിയോട് കണ്ട പേരുകള്‍. എന്നാല്‍ അമേരിക്കന്‍ സേനയ്ക്ക് മുമ്പില്‍ ഈ ഇരു ഭീകരസംഘടനകള്‍ക്കും കാലിടറിയപ്പോള്‍ ലോകജനതയുടെ കാതുകളിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഒരു പേരുണ്ടായിരുന്നു, അതാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഐഎസ്. ക്രൂരതയുടെ കാര്യത്തില്‍ മറ്റ് ഭീകരസംഘടനകളൊന്നും ഐഎസിനോളം വരില്ല. തങ്ങളുടെ ക്രൂരകൃത്യങ്ങള്‍ ലോകത്തിന് മുമ്പില്‍ പലപ്പോഴായി അവര്‍ തുറന്ന് കാട്ടുകയും ചെയ്തു. യദീസികളെയും കുര്‍ദ്ദുകളെയും ക്രൈസ്തവരെയുമെല്ലാം കൊന്നുതള്ളിയപ്പോള്‍ ലോകജനത അതെല്ലാം ഞെട്ടലോടെ കണ്ടുനിന്നു. എന്നാല്‍ ഇന്ന് ഈ ക്രൂരതയുടെ മുഖം ഐഎസില്‍ മാത്രം ഒതുങ്ങില്ലതാനും.

സിറിയയിലും ഇറാഖിലുമാണ് ഐഎസ് ക്രൂരതകള്‍ അഴിച്ചുവിട്ടതെങ്കില്‍ ഇതിന് സമാനമായ അവസ്ഥയിലേക്ക് നീങ്ങുകയാണ് ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ. ബോക്കോഹറാം എന്ന ഭീകരസംഘടനയ്ക്ക് മുമ്പിലാണ് നൈജീരിയന്‍ ജനത ഇപ്പോള്‍ മുട്ടുമടക്കുന്നത്. സാധാരണജനങ്ങള്‍ക്ക് ആശ്രയമാകേണ്ട ഭരണകുടം ഭീകര്‍ക്ക് മുമ്പില്‍ സ്വയം അടിയറവയ്ക്കുമ്പോള്‍ നൈജീരിയയിലെ ഓരോ പ്രദേശവും ബോക്കോഹറാമിന്റെ കൈകളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഭീകരരുടെ ആക്രമണത്തെത്തുടര്‍ന്ന് വിവിധപ്രദേശങ്ങളില്‍ നിന്ന് സൈനികര്‍ക്കും സാധാരണക്കാര്‍ക്കും പലായനം ചെയ്യേണ്ടിവരുന്നു.

അത് ഇപ്പോഴും തുടരുകയാണ്. നൈജീരിയയിലും ദിനപ്രതി അനേകം ആളുകളെയാണ് ബോക്കോഹറാം ഭീകരര്‍ കൂട്ടക്കുരുതി ചെയ്യുന്നത്.  വീടുകള്‍ക്ക് തീവെക്കുകയും വ്യവസായസ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നതും ഇവിടെ പതിവാണ്. ഐഎസിന് സമാനമായി ബോക്കോഹറാം ഭീകരരും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് എതിരാണ്. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ തട്ടികൊണ്ടപോയി ഭീകരര്‍ തന്നെ വിവാഹം ചെയ്യുന്നതും നൈജീരിയയില്‍ നിത്യസംഭവമായിരിക്കുന്നു.

അതേസമയം വടക്കുകിഴക്കന്‍ നൈജീരിയയിലെ സൈനികത്താവളം കഴിഞ്ഞദിവസം ബോക്കോഹറാം ഭീകരര്‍ പിടിച്ചെടുത്തത് സ്ഥിതിഗതികള്‍ എത്രമാത്രം ഭീതിജനകമാണെന്ന് കാട്ടിതരുന്നു. 2009നുശേഷം നടത്തിയ മുന്നേറ്റത്തെത്തുടര്‍ന്ന് വടക്കു കിഴക്കന്‍ നൈജീരിയയിലെ ഭൂരിഭാഗം പ്രദേശങ്ങളും ബോക്കോഹറാമിന്റെ പിടിയിലാണ്. ഐഎസിന് സമാനമായി ബോക്കോഹറാം ഭീകരരും ശക്തിപ്രാപിക്കുമ്പോള്‍ സിറിയയിലും ഇറാഖിലും കണ്ട് ദയനീയക്കാഴ്കളാകും ലോകം ഒരുപക്ഷേ നൈജീരിയയിലും ഇനി കണേണ്ടിവരിക.