ഹെല്‍മെറ്റ് ധരിക്കാത്തവരെ പിടികൂടി 50 പ്രാവശ്യം ഇമ്പോസിഷനും ശേഷം ഉപദേശവും നല്‍കി തിരൂരങ്ങാടി പോലീസിന്റെ ബോധവത്ക്കരണം

single-img
5 January 2015

Helmetഹെല്‍മറ്റ് വേട്ടയും പിഴയടക്കലും ഒന്നുമില്ല. 50 പ്രാവശ്യം ഇമ്പോസിഷന്‍ എഴുതുക. അതിനുശേഷം ഹെല്‍മറ്റ് വെച്ചാലുള്ള ഗുണങ്ങളെപ്പറ്റിയും ഹെല്‍മറ്റ് ഇല്ലാത്തതിന്റെ ദോഷങ്ങളെപ്പറ്റിയും പോലീസ് ഉദ്യോഗസ്ഥന്റെ കാല്‍മണിക്കൂര്‍ ഉപദേശവും കേള്‍ക്കുക. ഇത്രയുമായാല്‍ ഇനി ഒരിക്കല്‍കൂടി ആരും ഹെല്‍മെറ്റ് വെയ്ക്കാതെ തിരൂരങ്ങാടി പോലീസിന്റെ മുമ്പില്‍ ചെന്ന് ചാടില്ല.

ഹെല്‍മറ്റില്ലാതെ വന്ന ബൈക്ക് യാത്രക്കാരെ ‘ഇനിമുതല്‍ ഹെല്‍മെറ്റ് ധരിക്കാതെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുകയില്ല’ എന്ന് 50 പ്രാവശ്യം ഇമ്പൊസിഷന്‍ എഴുതിക്കുകയും അതിനുശേഷം ഉപദേശം നല്‍കിയും തിരൂരങ്ങാടി പോലീസിന്റെ ബോധവത്കരണ പരിപാടി. ഞായറാഴ്ച ഉച്ചക്കുശേഷമാണ് എസ്.ഐ എ. സുനിലിന്റെയും സംഘത്തിന്റെയും നേതൃത്വത്തില്‍ വാഹന പരിശോധനക്കിറങ്ങിയത്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ പോയവരെ പിടികൂടി പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ഒരുമിച്ചുനിര്‍ത്തി നോട്ടുപുസ്തകവും പേനയും നല്‍കി ഇമ്പോസിഷന്‍ എഴുതിപ്പിക്കുകയായിരുന്നു.

50 തവണ ആവര്‍ത്തിച്ചെഴുതിച്ച് ഗുണദോഷിച്ച ശേഷം പിഴയടപ്പിക്കാതെ താക്കീത് നല്‍കിയാണ് വിട്ടയച്ചത്. തിരൂരങ്ങാടി ജനമൈത്രി പോലീസാണ് ബോധവത്കരണത്തിന്റെ ഭാഗമായി ബോധവത്കരണം നടത്തിയത്. ഒരുപക്ഷേ ഹെല്‍മെറ്റില്ലാത്തതിനാല്‍ പിടിച്ചാല്‍ ഒരു നൂറുരൂപ കൊടുക്കമെന്നു കരുതി വന്നവരെല്ലാം ഇന്നലെ തിരൂരങ്ങാടി പോലീസിനു മുന്നില്‍ ഇമ്പോസിഷന്‍ എഴുതിയും ഉപദേശം കേട്ടും വിയര്‍ത്തു. ഇതിലുംഭേദം തിളച്ച എണ്ണയില്‍ കൈമുക്കുന്നതായിരുന്നുവെന്നാണ് ശിക്ഷ കിട്ടിയ ഒരു യാത്രക്കാരന്റെ പ്രതികരണം.

കാല്ലം ജില്ലയില്‍ നേരത്തേ ഈ രീതി നടപ്പാക്കിയ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ബൈക്ക് യാത്രികന്‍ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കേസ് പരിഗണിച്ച കോടതി ഇമ്പൊസിഷന്‍ രീതി ശരിവച്ച് വിധിപറയുകയാണുണ്ടായത്.