സഹോദരിമാരെ വിവാഹം കഴിച്ചയയ്ക്കാൻ പണമില്ല, പ്രധാനമന്ത്രിയോട് സ്ത്രീധന കാശുചോദിച്ച യുവാവിനെക്കുറിച്ച് അന്വേഷണം

single-img
5 January 2015

03-1420288780-pmoവേറെ നിവര്‍ത്തിയില്ലാതെ വന്നപ്പോഴാണ് ഉത്തര്‍പ്രദേശുകാരനായ മന്‍ജീത്ത് സെന്നിന് ഇങ്ങനെ ചെയ്യേണ്ടിവന്നത്. ‘സഹോദരിമാരെ വിവാഹം കഴിപ്പിക്കാന്‍ പ്രധാനമന്ത്രിയോട് തന്നെ സഹായം അഭ്യര്‍ത്ഥിക്കാം’. പിന്നീട് മന്‍ജീത്ത് അധികമൊന്നും ചിന്തിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് കത്തയയ്ക്കുക തന്നെ ചെയ്തു. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കേ ഒരു വര്‍ഷം മുമ്പാണ് മന്‍ജീത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചത്.

 

2,200 രൂപ പ്രതിമാസ ശമ്പളത്തില്‍ ഒരു സ്വകാര്യ സ്‌കൂളില്‍ അദ്ധ്യാപകനാണ് മന്‍ജീത്ത്. ഇത്രയും ചെറിയൊരു വരുമാനത്തില്‍ കുടുംബം കഴിഞ്ഞുപോകാന്‍ തന്നെ ബുദ്ധിമുട്ടാണെന്ന് ഇദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. വിവാഹപ്രായമായ 22 ഉം 21ഉം വയസുള്ള സഹോദരിമാരെ വിവാഹം കഴിപ്പിക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്നാണ് മന്‍ജീത്ത് കത്തില്‍ പറഞ്ഞിരുന്നത്. രണ്ട് സഹോദരിമാരുടെ കല്യാണത്തിന് 3.64 ലക്ഷം രൂപ സഹായമാണ് മന്‍ജീത്ത് ആവശ്യപ്പെട്ടത്. പണം തന്ന് സഹായിക്കാന്‍ കഴിയില്ലെങ്കില്‍ തനിക്ക് ഒരു ജോലി നല്‍കിയാലും മതിയെന്ന് യുവാവ് കത്തില്‍ പറഞ്ഞിരുന്നു.

 

അതേസമയം കത്തുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം എടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞമാസമാണ് യുവാവിന്റെ കത്തില്‍ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായത്. കത്തയച്ചയാളെക്കുറിച്ചുള്ള വിവരം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീധനത്തുക നല്‍കാന്‍ സര്‍ക്കാരിന് നിയമ തടസമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ജോലി നല്‍കുമെന്നാണ് യുവാവിന്റെ കുടുംബത്തിന്റെ പ്രതീക്ഷ.