പാകിസ്ഥാനിൽ നിന്ന് സ്ഫോടക വസ്തുക്കളുമായി വന്ന ബോട്ട് ഇന്ത്യൻ തീരത്ത് വെച്ച് പൊട്ടിത്തെറിച്ചു

single-img
2 January 2015

mapഅഹമ്മദാബാദ്: പാകിസ്ഥാനിൽ നിന്ന് സ്ഫോടക വസ്തുക്കളുമായി ഇന്ത്യൻ തീരത്ത് എത്തിയ ബോട്ട് പൊട്ടിത്തെറിച്ചു. പുതുവല്‍സര ആഘോഷത്തിനിടെ ഇന്ത്യയില്‍ ആക്രമണം നടത്താനുള്ള പാക്ക് ഭീകരരുടെ  ശ്രമമാണ് തീര സംരക്ഷണ സേന തകര്‍ത്തത്. ജനുവരി ഒന്നിന് വൈകിട്ട് ഗുജറാത്തിലെ പോർബന്തർ തീരത്ത് നിന്ന് 365 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു സംഭവം. നാലുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് സൂചന. ബോട്ട് പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നു വന്നതാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

കറാച്ചിയില്‍ നിന്നു ബോട്ട് ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലിക്കോപ്റ്ററുകളും കപ്പലുകളും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ തിരച്ചിലിനിടെയാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബോട്ട് കണ്ടെത്തിയത്.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടക്കരുതെന്ന് ബോട്ടിലുള്ളവര്‍ക്ക് സേന നിര്‍ദേശം നല്‍കിയിയെങ്കിലും ഇവര്‍ അതിര്‍ത്തി കടന്നു. സംശയകരമായ നീക്കം കണ്ട് ഇന്ത്യൻ തീരസംരക്ഷണ സേന ഒരു മണിക്കൂറോളം ബോട്ടിനെ പിന്തുടർന്നു. തുടർന്ന് ബോട്ട് നിർത്താൻ ആവശ്യപ്പെട്ട് കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് വെടി ഉതിർത്തു. എന്നാൽ തൊട്ടു പിന്നാലെ ബോട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ ഭീകരര്‍ തന്നെ ബോട്ട് തകര്‍ക്കുകയായിരുന്നു.