കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ വി.എസിനും പങ്കെന്ന് ടി.കെ.പളനി; സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണം
പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേ ഗുരുതര ആരോപണങ്ങളുമായി ആലപ്പുഴയിലെ മുതിര്‍ന്ന നേതാവ് ടി.കെ.പളനി രംഗത്ത്. സ്മാരകം തകര്‍ത്ത സംഭവം വി.എസിന് മുന്‍കൂട്ടി അറിയാമായിരുന്നോ എന്ന് താന്‍ സംശയിക്കുന്നതായി പളനി പറഞ്ഞു.
വി.എസിന്റെ പങ്ക് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കണമെന്നും പളനി ആവശ്യപ്പെട്ടു. സ്മാരകം തര്‍ത്തത് പളനി ഉള്‍പ്പടെയുള്ള ഒറ്റുകാരാണെന്ന വി.എസിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മാരാരിക്കുളത്ത് താനല്ല വി.എസിനെ തോല്‍പ്പിച്ചത്. വി.എസിന്റെ നാവാണ് തോല്‍വിക്ക് കാരണം. താന്‍ പാര്‍ട്ടിക്കെതിരേ ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടില്ല. പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ചത് വി.എസാണ്. അദ്ദേഹത്തിന്റെ ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചതിനാലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.