എയര്‍ ഏഷ്യ വിമാനം ജാവ കടലിന്റെ അടിത്തട്ടിലുണ്ടെന്ന് ഇന്‍ഡൊനീഷ്യന്‍ ഏജന്‍സി

single-img
29 December 2014

planജക്കാര്‍ത്ത: എയര്‍ ഏഷ്യ വിമാനം ജാവ കടലിന്റെ അടിത്തട്ടിലുള്ളതായി ഇന്‍ഡൊനീഷ്യന്‍ ഏജന്‍സി സംശയം പ്രകടിപ്പിച്ചു.  162 യാത്രക്കാരുമായി കാണാതായ വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടുവെന്ന് സംശയിക്കുന്ന പ്രദേശത്ത് തിരച്ചില്‍ നടത്തിയ വിമാനങ്ങള്‍ നല്‍കിയ സൂചനകള്‍ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഇന്‍ഡൊനീഷ്യന്‍ ഏജന്‍സിയുടെ മേധാവി അറിയിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും തന്നെ  ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇതൊരു പ്രാഥമിക നിഗമനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടത്തുന്ന തിരച്ചിലിന് പരിമിധികളുണ്ടെന്നും കൂടുതല്‍ സാങ്കേതിക സഹായത്തിന് യു.കെ, ഫ്രാന്‍സ്, യു.എസ് തുടങ്ങിയ രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അതിനിടെ ബെലിതുങ് ദ്വീപിന് കിഴക്ക് ജാവ കടലില്‍ രണ്ടിടത്തായി ഇന്ധനം പരന്നതായി തിരച്ചിൽ നടത്തിയ ഇന്‍ഡൊനീഷ്യന്‍ ഹെലികോപ്റ്ററിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് കരുതുന്ന സ്ഥലത്തിന് സമീപത്തായാണ് ഇത് കണ്ടെത്തിയത്. ഇത് എയര്‍ ഏഷ്യാ വിമാനത്തിന്റേതു തന്നെയാണോ എന്ന് പരിശോധിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വിമാനവുമായി അവസാനമായി ആശയവിനിമയം നടത്തിയ സ്ഥലത്തിന് അറുപത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്താണ് തിരച്ചില്‍ നടത്തുന്നത്.

ഇന്‍ഡൊനീഷ്യന്‍ നാവിക സേനയുടെ പന്ത്രണ്ട് കപ്പലുകളും അഞ്ച് വിമാനങ്ങളും മൂന്ന് ഹെലികോപ്റ്ററുകളും ഏതാനും യുദ്ധവിമാനങ്ങളുമാണ് ഇപ്പോള്‍ രക്ഷാപ്രവർത്തനം നടത്തുന്നത്.