ഡല്‍ഹി മെട്രോയിലെ പോക്കറ്റടി കേസുകളിൽ പിടിയിലാകുന്നത് കൂടുതലും സ്ത്രീകൾ

single-img
29 December 2014

girl-pickpocketഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ ഈ വര്‍ഷം നടന്ന പോക്കറ്റടി കേസുകളിൽ പിടിയിലായവരില്‍ 94 ശതമാനവും സ്ത്രീകളാണെന്ന് സി.ഐ.എസ്.എഫ്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കണക്കുകളിൽ ഡല്‍ഹി മെട്രോയില്‍ നിന്നും പിടിക്കപ്പെട്ട 293 പോക്കറ്റടിക്കാരില്‍ 271 ഉം സ്ത്രീകളാണെന്നും പറയപ്പെടുന്നു. ഇവരെ പിടികൂടാനായും കുറ്റകൃത്യങ്ങള്‍ തടയുന്നതിനായും ഡല്‍ഹിയിലെ പ്ലാറ്റ് ഫോമുകളിലും റെയില്‍വേ കോച്ചുകളിലും നോഡല്‍ സേനയേയും സി.ഐ.എസ്.എഫ് നിയോഗിച്ചിട്ടുണ്ട്.

മെട്രോയില്‍ പോക്കറ്റടി നടത്തുന്നസ്ത്രീകളില്‍ കൂടുതലും ചെറിയ കുഞ്ഞുങ്ങളുമായാണ് ട്രെയിനിൽ കയറുന്നവരാണ്. പെട്ടെന്നു തന്നെ ഇവര്‍ മറ്റ് യാത്രക്കാരുമായി ഇടപഴകുകയും ചെയ്യും. കൈകുഞ്ഞുങ്ങളുമായി കയറുന്ന ഇവരെ ആരും സംശയിക്കുകയുമില്ല. വനിതാ യാത്രികരെയാണ് ഇവര്‍ കൂടുതലായും ലക്ഷ്യമിടുന്നത്.

ഡല്‍ഹി മെട്രോയുടെ 134 സ്‌റ്റേഷനുകളുടെയും സുരക്ഷാ ചുമതല സി.ഐ.എസ്.എഫിനാണ്. 29.56 ലക്ഷം രൂപ, 9 കോടി വരുന്ന ചെക്ക്/ഡ്രാഫ്റ്റുകള്‍, 16 ലക്ഷത്തിന്റെ സ്വര്‍ണം, 86,683ഓളം വരുന്ന വിദേശ കറന്‍സികള്‍, 144 ലാപ്‌ടോപ്പുകള്‍, 40 ക്യാമറകള്‍, 115 വാച്ചുകള്‍, 447 മൊബൈലുകള്‍ എന്നിവയാണ് ഈ വര്‍ഷം ഡല്‍ഹി മെട്രോയിലെ പോക്കറ്റടിക്കാരില്‍ നിന്നും പിടികൂടിയത്. സ്ത്രീകളിലെ പോക്കറ്റടിക്കാരെ കണ്ടെത്തുന്നതിനായി സി.ഐ.എസ്.എഫിലെ വനിത കോണ്‍സ്റ്റബിള്‍മാരെ സാധാരണ വേഷത്തില്‍ സ്‌റ്റേഷന്‍ പരിസരത്ത് നിയോഗിക്കുന്നുണ്ട്.