അഫ്ഗാൻ ദൗത്യം നാറ്റോ സഖ്യം ഔദ്യോഗികമായി അവസാനിപ്പിച്ചു

single-img
29 December 2014

natoകാബൂൾ: 13 വർഷം നീണ്ട അഫ്ഗാൻ ദൗത്യം നാറ്റോ സഖ്യം ഔദ്യോഗികമായി അവസാനിപ്പിച്ചു.  കാബൂളിലെ സൈനിക ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സേന കമാൻഡ‌ർ ജനറൽ ജോൺ ക്യാംബെലാണ് സേനയുടെ പിന്മാറ്റം അറിയിച്ചത്. താലിബാന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിടവാങ്ങല്‍ച്ചടങ്ങ് രഹസ്യമായാണ് നടന്നത്.
അതേസമയം, രാജ്യത്തിന് ഭീഷണിയായ ഭീകരവാദ സംഘടനകളെ നേരിടാൻ അഫ്ഗാൻ സേന പ്രാപ്തമാകുന്നതു വരെ 13,500 നാറ്റോ-യു.എസ് സൈനികരെ നിലനിർത്തും.

സെപ്തംബറിൽ അധികാരമേറ്റ പ്രസിഡന്റ് അഷ്‌റഫ്  ഗനി സൈനികസഹകരണം ഉറപ്പുവരുത്തുന്ന ഉഭയകക്ഷി ഉടമ്പടികളിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ സർക്കാരിനെതിരെയുള്ള താലിബാൻ ആക്രമണത്തിന് യതൊരു കുറവും വന്നിട്ടില്ല.

സെപ്തംബർ 11 ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അഫ്ഗാനിലെ താലിബാൻ ഭരണത്തെ തകർക്കാൻ അമേരിക്കൻ-നാറ്റോ സഖ്യം അഫ്ഗാനിസ്ഥാനിൽ സൈനികനടപടികൾ തുടങ്ങിയത്. അൻപതോളം രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ഭീകരവാദം അടിച്ചമർത്താൻ സഖ്യം രൂപീകരിച്ചത്. പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടികൾ നേരിട്ടാണ്  സഖ്യം പിൻവാങ്ങുന്നത്.  ഇതുവരെ താലിബാൻ, അൽക്വ ഇദ ആക്രമണങ്ങളിൽ മരിച്ച 3500 സഖ്യ സേന സൈനികരിൽ 2224 പേർ അമേരിക്കൻ പട്ടാളക്കാരാണ്.

2011-ല്‍ നാറ്റോ സൈനികസഖ്യത്തിലേക്ക് 50 രാഷ്ട്രങ്ങളില്‍ നിന്നായി 1,30,000 പേര്‍കൂടി എത്തിയിരുന്നു. ഞായറാഴ്ച നാറ്റോ സൈന്യം 3,50,000-ത്തോളം വരുന്ന അഫ്ഗാന്‍സേനയ്ക്ക് ചുമതലകള്‍ ഔദ്യോഗികമായി കൈമാറിയതിന് ശേഷമാണ് വിടവാങ്ങല്‍ നടത്തിയത്. അഫ്ഗാൻ സേന രാജ്യത്തെ ഏത് പ്രശ്നത്തെയും നേരിടാൻ തക്ക കരുത്തുള്ളതാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർ പറഞ്ഞു.