ബെംഗളൂരു ബോംബ് സ്ഫോടനം തീവ്രവാദി ആക്രമണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

single-img
29 December 2014

bnkബെംഗളൂരു: ബെംഗളൂരുവിലെ ബോംബ് സ്ഫോടനം തീവ്രവാദി ആക്രമണ സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജി ജോര്‍ജ്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നും പ്രദേശത്ത് പരിഭ്രാന്തി നിലനില്‍ക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. സ്ഫോടനം എൻ.ഐ.എക്ക് വിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.  സംശയിക്കുന്ന ആറു പേര്‍ക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എസ്.സിദ്ധരാമയ്യ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. അദ്ദേഹം ഞായറാഴ്ച തന്നെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.  സ്ഫോടനത്തില്‍ മരിച്ച യുവതിയുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്ന വ്യക്തികള്‍ക്കും ധനസഹായം നല്‍കും.

ചര്‍ച്ച് സ്ട്രീറ്റിലെ കോക്കനട്ട് ഗ്രോവ് റസ്റ്റാറന്‍റിന് പുറത്ത് നടപ്പാതയില്‍ ഞായറാഴ്ച രാത്രി 8.30നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ സ്ത്രീ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീവ്രതകുറഞ്ഞ ഐ.ഇ.ഡി ബോംബ് ആണ് പൊട്ടിത്തെറിച്ചതെന്ന് പറയപ്പെടുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ഫോറന്‍സിക് വകുപ്പും സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.