ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മകന്‍ ഓടിച്ച ആഡംബര കാറിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്ക്

single-img
27 December 2014

cചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി തോമസ് കെ. ജോര്‍ജിന്റെ മകന്‍ ഓടിച്ച ആഡംബര കാറിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അട്ടക്കുളങ്ങര സ്വദേശി ഷാജി (27) ക്കാണ് പരിക്ക്. ഇയാളെ പോലീസ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഡില്‍ജിന്‍ കെ. തോമസിനെതിരെ (27) ട്രാഫിക് പോലീസ് കേസെടുത്തു. അപകടമുണ്ടാക്കിയശേഷം കടന്നുകളഞ്ഞ ഡില്‍ജിന്‍ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചു.

 

അപകടത്തിനിടയാക്കിയ കാറിനെ ട്രാഫിക് പോലീസെത്തി കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. രാത്രിയോടെ ഓട്ടോറിക്ഷ സ്ഥലത്തുനിന്ന് നീക്കി. വെള്ളിയാഴ്ച രാവിലെയാണ് ട്രാഫിക് പോലീസ് റിക്കവറി വാഹനമുപയോഗിച്ച് കാര്‍ കസ്റ്റഡിയിലെടുത്തത്.
അപകടകരമായ രീതിയിലും അമിതവേഗത്തിലും വാഹനം ഓടിച്ചതിന് ട്രാഫിക് പോലീസ് കേസെടുത്തു. ട്രാഫിക് സി. ഐ. പി. നിയാസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

 

ഡില്‍ജിന്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ആരോപണം. അപകടം വരുത്തിവച്ചതിന് ശേഷം വണ്ടി നിര്‍ത്താതെ പോയ ഡില്‍ജിന്‍ പിന്നീട് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കൊപ്പം മറ്റ് മൂന്ന് പേരും കൂടി ഉണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ഡില്‍ജിന്‍ തന്റെ ബിഎംഡബ്ല്യൂ കാറുകൊണ്ട് വേറേയും പ്രശ്‌നം സൃഷ്ടിച്ചിരുന്നു.

 

തന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകനേയും കുടുംബത്തേയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് വന്‍ വിവാദമായി. അന്നും ഡില്‍ജിന്‍ മദ്യപിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കാറില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തു. എന്നാല്‍ പോലീസ് വൈദ്യ പരിശോധന നടത്താന്‍ പോലും അന്ന് തയ്യാറായില്ല. ഈ സംഭവത്തില്‍ ഡില്‍ജിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.