മാലാഖമാര്‍ ഉമ്മന്‍ചാണ്ടിയോട് പരാതി പറഞ്ഞു; ഒടുവില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കി ‘ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും’

single-img
27 December 2014

nnn‘ലിബിയയിലെ ആശുപത്രികളില്‍ ഞങ്ങള്‍ പലതരത്തിലുള്ള ഉപദ്രവങ്ങള്‍ക്ക് ഇരയായി. ഞങ്ങളില്‍ പലര്‍ക്കും ശമ്പളമായി വലിയയൊരു തുക ലഭിക്കാനുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം നഷ്ടമായി. ഇനി ഞങ്ങളെന്ത് ചെയ്യും’. ലിബിയയില്‍ നിന്നും തിരിച്ചെത്തിയ മലയാളി നേഴ്‌സുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുമ്പില്‍ ഒരായിരം പ്രശ്‌നങ്ങളും പരാതികളുമാണ് നിരത്തിയത്. മുഖ്യമന്ത്രിയെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് നേഴ്‌സുമാര്‍ കണ്ടത്. ലിബിയയില്‍ നിന്നും തിരിച്ചെത്തിയ 22 ഓളം നേഴ്‌സുമാര്‍ സംഘത്തിലുണ്ടായിരുന്നു. ലിബിയയിലെ അവസ്ഥ ഗുരുതരമാണെന്നും നഴ്‌സുമാര്‍ ജോലിക്കായി അങ്ങോട്ട് പോകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

നഴ്‌സുമാരുടെ പരാതി കേട്ട മുഖ്യമന്ത്രി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. കേരളത്തില്‍ നിന്നും ലിബിയയിലേക്ക് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കില്ല. ലിബിയയിലും ട്യൂണിസിയയിലുമുള്ള നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ട്. നഴ്‌സുമാര്‍ക്ക് ശമ്പളം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി എംബസി അധികൃതരോട് ആവശ്യപ്പെട്ടു. പരിചയ സര്‍ട്ടിഫിക്കറ്റിന് പകരം നേഴ്‌സുമാര്‍ക്ക് നോര്‍ക്ക വഴി കരാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.