മദ്യപിച്ച്‌ വിമാനം പറത്താനെത്തിയതിന്‌ അഞ്ച്‌ വര്‍ഷത്തിനിടെ 170 പൈലറ്റുമാര്‍ ശിക്ഷിക്കപ്പെട്ടു

single-img
27 December 2014

planeകൊച്ചി: അഞ്ച്‌ വര്‍ഷത്തിനിടെ മദ്യപിച്ച്‌ വിമാനം പറത്താനെത്തിയതിന്‌ ശിക്ഷിക്കപ്പെട്ടത്‌ 170 പൈലറ്റുമാര്‍. വിവരാവകാശരേഖയ്‌ക്ക് മറുപടിയായി ഈ വിവരം കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഡയറക്‌ടറേറ്റ്‌ പുറത്ത്‌ വിട്ടത്. 2009 മുതല്‍ 2014 നവംബര്‍ മാസം വരെ നടത്തിയ പരിശോധനയിൽ പിടിയിലായ പൈലറ്റുമാരില്‍ ഒരു വനിതയും ഉള്‍പ്പെടുന്നു.
ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു നല്‍കിയ അപേക്ഷയിലാണ് വിവരങ്ങള്‍ ലഭ്യമായത്.ഇതില്‍ എട്ടുപേരെ മാത്രമാണ്‌ കൃത്യവിലോപം കാട്ടിയതിന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്‌.

അഞ്ചു വര്‍ഷത്തെ കണക്ക്‌ പരിശോധിച്ചാല്‍ ക്രമാനുഗതമായ വര്‍ധനവാണ്‌ ഉണ്ടായത്‌. രാജ്യ തലസ്‌ഥാനമായ ഡല്‍ഹിക്കാണ് ഒന്നാം സ്ഥാനം. 53 പൈലറ്റുമാരാണ് വിമാനം ഓടിക്കാനായി മദ്യപിച്ചെത്തിയത്‌ . രണ്ടാം സ്‌ഥാനം മുബൈ 43, മൂന്നാം സ്‌ഥാനം കൊല്‍ക്കത്ത 20, നാലാംസ്‌ഥാനം ചെന്നൈ 15, കൊച്ചി 4, തിരുവന്തപുരം 2. മദ്യപിച്ച്‌ വിമാനം ഓടിച്ചുപിടിക്കപ്പെട്ടവര്‍ കൂടുതല്‍ സ്വകാര്യ വിമാന കമ്പനികളിലെ പൈലറ്റുമാരാണ്‌.

വിമാനം പുറപ്പെടുന്നതിന്‌ 12 മണിക്കൂര്‍ മുമ്പ്‌ പൈലറ്റും ക്യാബിന്‍ ക്രൂവും മദ്യപിക്കരുതെന്നാണ്‌ എയര്‍ ക്രാഫ്‌റ്റ്‌ റൂളിന്റെ 24ാം ചട്ടം അനുശാസിക്കുന്നത്‌. ഇതു ലംഘിച്ചാല്‍ 3 മാസം വിമാനം പറപ്പിക്കാനുള്ള ലൈസെന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്യാം. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച്‌ വര്‍ഷം വരെ സസ്‌പെന്‍ഡ്‌ ചെയ്യാം.  എയര്‍ ഇന്ത്യ 11ഉം, ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഒരു കേസുമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. 2010 ല്‍ 25, 2011 ല്‍ 20, 2012 ല്‍ 41, 2013 ല്‍ 31, 2014 ല്‍ 18 ഉം പൈലറ്റുമാരെയാണ്‌ മദ്യപിച്ച്‌ ജോലിക്കെത്തിയതിന്‌ പിടിയിലായത്‌.

എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ ലൈന്‍സും കൃത്യവിലാപത്തില്‍ നിന്നും ഒഴിവാകുന്നില്ല. ഗുരുതര കൃത്യവിലോപത്തിന് വെറും എട്ടുപേരെയാണ് ഇതുവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. നടപടി നേരിട്ട പൈലറ്റുമാരുടെ പേരുവിവരം സിവില്‍ ഏവിയേഷന്‍ ഡയറക്‌ടറേറ്റ്‌ വിവരാവകാശ നിയമപ്രകാരം പുറത്തുവിടുന്നത്‌ ചരിത്രത്തില്‍ ആദ്യമായാണ്‌. വ്യക്‌തിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരമാണെന്ന കാരണം ചൂണ്ടിക്കാട്ടി ഈ വിവരം നല്‍കാതിരിക്കുകയാണ്‌ പതിവ്‌.

നടപടി നേരിട്ട പൈലറ്റുമാരുടെ പേരുവിവരങ്ങളടങ്ങുന്ന രേഖനല്‍കിയതിനുശേഷം വ്യോമയാന ഡയറക്‌ടറിന്റെ എയര്‍ സേഫ്‌റ്റി ഡയറക്‌ടര്‍ അപേക്ഷകനെ ഫോണില്‍ വിളിച്ച്‌ ഈ രേഖകള്‍ പുറത്തു വിടരുതെന്നും എത്രയും പെട്ടെന്ന്‌ തിരിച്ചയയ്‌ക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. വി.വി.ഐ.പികളുള്‍പ്പെടെയുള്ളവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇത്‌ രഹസ്യവിവരമല്ലെന്നും ഇക്കാര്യം പുറത്തു വരേണ്ടത്‌ പൊതുതാല്‍പര്യ സംരക്ഷണത്തിന്‌ അനിവാര്യമാണെന്നും അഡ്വ. ഡി.ബി. ബിനു പറഞ്ഞു.