ആ ദുരന്തചിത്രങ്ങള്‍ എങ്ങനെ മറക്കാനാകും, ലോകം വിറങ്ങലിച്ചുപോയ സുനാമി ദുരന്തത്തിന് ഇന്ന് പത്ത് വയസ്സ്

single-img
26 December 2014
എങ്ങനെ മറക്കാന്‍ കഴിയും ആ ദിവസം. മനസ്സില്‍ നിന്ന് മായ്ക്കാന്‍ ശ്രമിച്ചാലും മനസ്സിന്റെ ഏതോ കോണില്‍ അന്നുയര്‍ന്ന നിലവിളി ശബ്ദങ്ങള്‍ ഇപ്പോഴും മുഴങ്ങി കേള്‍ക്കും. ഉറ്റവരെ വിധി തട്ടിയെടുത്ത ആ കറുത്ത ഞായറാഴ്ചയെ ഓര്‍ത്ത് ഇന്നും ആയിരങ്ങള്‍ തേങ്ങുകയാണ്. ഡിസംബര്‍ 26 വീണ്ടും എത്തുമ്പോള്‍ ലോകത്തെ ഞടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പത്ത് വയസ്സ്. അന്ന് ക്രിസ്തുമസിന്റെ ആഘോഷആരവങ്ങള്‍ അടങ്ങുന്നതിനുമുമ്പ് തൊട്ടടുത്ത ദിവസം നിലയ്ക്കാത്ത കണ്ണീരായി ദുരന്തം കരയിലേക്ക് ആഞ്ഞടിച്ചെത്തുകയായിരുന്നു.
f3
ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് കടലില്‍ നിന്ന് കരയിലേക്ക് ആര്‍ത്തിരമ്പിയ തിരമാലകള്‍ രണ്ടരലക്ഷത്തോളം ജീവനുകളെയാണ് മരണത്തിലേക്ക് തള്ളിവിട്ടത്. പലരും അനാഥരായ നിമിഷം. ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക, തായ് ലാന്റ് തുടങ്ങി പതിനൊന്ന് രാജ്യങ്ങളില്‍ സുനാമി സംഹാരതാണ്ഡവമാടി. ഇന്ത്യയില്‍ പതിനായിരത്തോളം ആളുകള്‍ സുനാമിയുടെ ഇരകളായി മാറി. കേരളത്തില്‍ ഇരുന്നുറിലധികം പേര്‍ മരിച്ചു. കടലെടുത്ത പലരെയും സംബന്ധിച്ച് ഇന്നും ഒരു സൂചനയില്ല. കാണാതായവര്‍ മടങ്ങിയെത്തും എന്ന പ്രതീക്ഷയില്‍ ജീവിതം മുന്നോട്ടുനയിക്കുന്നവരും ഇന്നും തീരദേശമേഖലയിലുണ്ട്.
f2
കേരളത്തിലെ ഒന്‍പത് തീരജില്ലകളില്‍ തിരമാലകള്‍ ആഞ്ഞടിച്ചു. ആലപ്പാട്, അഴീക്കല്‍, ആറാട്ടുപുഴ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. കേരളത്തില്‍ ഉള്‍പ്പെടെ സുനാമി ദുരന്ത ബാധിതരെ സഹായിക്കാനുള്ള പദ്ധതികളെല്ലാം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല എന്നതാണ് വാസ്തവം.
ff
ഇന്തോനേഷ്യയിലെ സുമാത്രയില്‍ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് തുടര്‍ചലനങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും ഉണ്ടായി. ഇതാണ് സുനാമി തിരകളായെത്തി തൊട്ടടുത്ത നിമിഷം സര്‍വനാശം വിതച്ചത്.
അവധി ആഘോഷിക്കാനെത്തിയ സഞ്ചാരികളും, മത്സ്യബന്ധനത്തിന് പോയവരും, തീരദേശവാസികളും ദുരന്തത്തിന്റെ ഇരകളായി. ഡിസംബര്‍ 26നെ ലോകം കറുത്ത ദിനമായി നോക്കികാണുമ്പോള്‍ ഇന്നും ആ ദുരന്തനിമിഷങ്ങള്‍ ലോകത്തെ വേട്ടയാടുകയാണ്.