മലയാളിയെ ചിരിപ്പിച്ച എന്‍.എല്‍.ബാലകൃഷ്ണന്‍ ഓര്‍മ്മയായി, മരണം അര്‍ബുദബാധയെ തുടര്‍ന്ന്

single-img
26 December 2014
balaമലയാള ചലച്ചിത്ര ലോകത്ത് നിറസാനിധ്യമായിരുന്ന പ്രശസ്ത ചലച്ചിത്ര താരം എന്‍.എല്‍.ബാലകൃഷ്ണന്‍ (71) അന്തരിച്ചു.  അര്‍ബുദബാധയെ തുടര്‍ന്നാണ് അന്ത്യം. അസുഖബാധിതനായി ഏറെനാള്‍ ചികില്‍സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോടെയായിരുന്നു  അന്ത്യം സംഭവിച്ചു.
സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് സിനിമാ ലോകത്തെ അദ്ദേഹത്തിന്റെ തുടക്കമെങ്കിലും പിന്നീട് ഹാസ്യനടനായാണ് പ്രശസ്തി നേടിയത്. എന്‍.എല്‍.ബാലകൃഷ്ണന്റെ ആകാരപ്രകൃതം സിനിമാസ്വാദകരുടെ ശ്രദ്ധപിടിച്ചുപറ്റി.
1986ല്‍ പുറത്തിറങ്ങിയ ‘അമ്മാനം കിളി’യായിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് 162 ഓളം സിനിമകളില്‍ വേഷമിടുകയും 170 ഓളം ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഡോക്ടര്‍ പശുപതി, വൃദ്ധന്മാരെ സൂക്ഷിക്കുക, പട്ടണ പ്രവേശം, കൌതുക വാര്‍ത്തകള്‍, ഡാ തടിയാ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയവേഷങ്ങള്‍ ചെയ്തു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. തിരുവനന്തപുരമാണ് സ്വദേശം. ബ്ലാക് ആന്റ് വൈറ്റ് എന്ന പേരില്‍ ഒരു പുസ്തകം രചിച്ചും എന്‍ എല്‍ ബാലകൃഷ്ണന്‍ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.