എ.ടി.എം ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്തിനാണെന്ന് ഡൽഹി ഹൈക്കോടതി

single-img
25 December 2014

atഎ.ടി.എം ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി റിസ‌ർവ് ബാങ്കിനും സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയ്‌ക്കും ബാങ്കുകളുടെ അസോസിയേഷനും നോട്ടീസ് അയച്ചു.ചീഫ് ജസ്റ്റിസ് ജി. രോഹിണിയും ജസ്റ്റിസ് പി.എസ്. തേജിയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നോട്ടീസയച്ചത്. ഫിബ്രവരി 18-നകം പ്രതികരണമറിയിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

 
മെട്രോ നഗരങ്ങളിൽ സൗജന്യ എ.ടി.എം ഉപയോഗം പ്രതിമാസം പരമാവധി അഞ്ചാക്കാനും അതിൽ കൂടുതലായാൽ ഓരോ തവണയും ഉപഭോക്താക്കളിൽ നിന്ന് 20 രൂപ വീതം ഈടാക്കാനുമുള്ള റിസർവ് ബാങ്ക് നിർദേശത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.അഭിഭാഷകയായ സ്വാതി അഗര്‍വാളാണ് ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തികച്ചും ഏകപക്ഷീയവും അന്യായവുമായ നടപടിയാണിതെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

 
അന്താരാഷ്ട്ര ബാങ്കിങ് രംഗത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴാണ് നിലവിലുള്ള അക്കൗണ്ട് ഉടമകളെ പിഴിയുന്ന നയം ബാങ്കുകള്‍ സ്വീകരിക്കുന്നതെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.