സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 138 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

single-img
24 December 2014

talibanകാബൂള്‍: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 138 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ നാറ്റോ വ്യോമസേനയുടെ പിന്തുണയോടെ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഏഴ് അഫ്ഗാന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടതായും സുരക്ഷാ സേനാവക്താവ് ഹാരുണ്‍ യൂസഫ്സായ് അറിയിച്ചു.
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന കുനാര്‍ പ്രവിശ്യയിലെ ദന്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ 17 പേര്‍ പാകിസ്ഥാന്‍ പട്ടാള യൂണിഫോമിലുള്ളവരാണ്.

പത്തുദിവസം മുമ്പ് ഈ പ്രദേശത്ത് 1200 ഓളം തീവ്രവാദികള്‍ സുരക്ഷാ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു. തീവ്രവാദികള്‍ പ്രദേശത്തെ റോഡുഗതാഗതം തടസ്സപ്പെടുത്തുകയും പലയിടങ്ങളിലും സ്ഫോടനം നടത്തുകയും ചെയ്തിരുന്നു. ഇതെ തുടർന്നാണ് സൈന്യം നാറ്റോയുമായി ചേര്‍ന്ന് പ്രത്യാക്രമണം നടത്തിയത്.

എന്നാല്‍ തങ്ങള്‍ക്ക് ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ആക്രമണത്തില്‍ ഒട്ടേറെ അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു.