മനക്കരുത്ത് അവരെ ലക്ഷ്യത്തിലെത്തിച്ചു; മേഴ്‌സി ഹോമിലെ കുട്ടികള്‍ വിജയതീരമണിഞ്ഞപ്പോള്‍ തോറ്റത് വിധി കാത്തുവെച്ച വൈകല്യം

single-img
24 December 2014

Basket ball selectioഇത് മനക്കരുത്തിന്റെ വിജയം. ഈ മനസാനിധ്യത്തിന് മുമ്പില്‍ തോറ്റതാകട്ടെ വിധി കാത്തുവെച്ച വൈകല്യമാണ്. വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തില്‍ കരുത്ത് തെളിയിച്ചാണ് ചെത്തിപ്പുഴ മേഴ്‌സി ഹോമിലെ പത്തംഗസംഘം തങ്ങളുടെ വൈകല്യത്തെ തോല്‍പിക്കുന്നത്. ഓരോ വിജയവും കരസ്ഥമാക്കുമ്പോള്‍ അംഗപരിമിതികള്‍ തങ്ങള്‍ക്കൊരു പ്രശ്‌നമല്ലെന്ന് സമൂഹത്തിന് മുമ്പില്‍ തെളിയിക്കുകയാണ് ഇവരോരുത്തരും. വിവിധ മത്സരങ്ങളിലായി നിരവധി വിജയം കരസ്ഥമാക്കിയതോടെ ചെത്തിപ്പുഴ മേഴ്‌സിഹോമിലെ വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടീം സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

മേഴ്‌സി ഹോമിലെ അന്തേവാസികളായ അല്‍ഫോന്‍സ ജോസഫ്, കെ മണി, കുഞ്ഞുമോള്‍ ചാക്കോ, ഏലിയാമ്മ പോള്‍, ബേണി, ജി. ലത, ആനിയമ്മ വര്‍ക്കി, സീന ആന്റണി, അച്ചാമ്മ ജോണ്‍, ജെസമ്മ ചാക്കോ എന്നിവരാണ് വീല്‍ ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അല്‍ഫോന്‍സ ജോസഫ് , കെ മണി എന്നിവര്‍ സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിസ്റ്റര്‍ മരിയല്ല, സിസ്റ്റര്‍ നയോമി, സിസ്റ്റര്‍ സോളി മരിയ, പി.ഒ അന്നമ്മ എന്നിവരാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അന്തേവാസികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്. മികച്ച അടിസ്ഥാനസൗകര്യങ്ങളും പരിശീലനവും വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടീമംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നും മേഴ്‌സി ഹോമം അധികൃതര്‍ ആവശ്യപ്പെടുന്നു.