ബൗണ്‍സര്‍ എന്നു കേട്ടാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് മരണഭയം, ബൗണ്‍സര്‍ ഹെല്‍മെറ്റിൽ കൊണ്ടു വാട്ട്സൺ പരിശീലനം മതിയാക്കി

single-img
24 December 2014

Shane-Watsonമുമ്പ് ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് മൈതാനങ്ങളില്‍ കളിക്കാനെത്തുന്ന വിദേശ ടീമുകള്‍ക്ക് മത്സരം തുടങ്ങും മുമ്പേ മുട്ടിടിക്കുമായിരുന്നു. കാരണം ഓസ്‌ട്രേലിയന്‍ ടീമിലെ ബൗളര്‍മാരുടെ ബൗണ്‍സറുകളെ അവര്‍ അത്രമാത്രം ഭയന്നിരുന്നു. തലയ്ക്ക് മുകളിലേക്ക് കുത്തിയുയര്‍ന്ന് വന്നിരുന്ന ബോളുകളെ അവര്‍ അത്രമാത്രം ഭയന്നിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. കാരണം ഫില്‍ ഹ്യൂഗ്‌സ് എന്ന യുവക്രിക്കറ്ററുടെ ജീവന്‍ കളിക്കളത്തില്‍ പൊലിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയക്കാര്‍ ബൗണ്‍സറുകളെ അത്രമാത്രം ശപിച്ചിരുന്നു.

എന്നാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളെ ബൗണ്‍സറുകള്‍ വീണ്ടും വീണ്ടും വേട്ടയാടുകയാണ്. ഏറ്റവും ഒടുവിലത്തെ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വാട്‌സണ്‍ ആണ് അപകടത്തിന്റെ ഇര. വാട്‌സണാകട്ടെ ഗുരുതരമായ അപകടത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപെട്ടത്. ഓസീസ് ഫാസ്റ്റ് ബൗളര്‍ ജെയിംസ് പാറ്റിന്‍സണ്‍ ആയിരുന്നു ബൗളര്‍. കുത്തിയുയര്‍ന്ന പന്തില്‍ നിന്നും ഒഴിഞ്ഞുമാറുംമുന്‍പ് പന്ത് തലയില്‍ക്കൊള്ളുകയായിരുന്നു. ബൗണ്‍സര്‍ തലയില്‍ക്കൊണ്ട വാട്‌സണ്‍ പരിശീലനം മതിയാക്കുകയും ചെയ്തു. ഹെല്‍മെറ്റ് ഉണ്ടായിരുന്നതിനാല്‍ തലയ്ക്ക് പരിക്കേറ്റില്ല. അപകടത്തിനുശേഷം പകച്ചുപോയ വാട്‌സണ്‍ പരിശീലനം മതിയാക്കി തിരിച്ചു പോവുകയായിരുന്നു. സഹകളിക്കാര്‍ ഓടിയെത്തി വാട്‌സണെ സമാധാനിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് ഭയം പ്രകടമായിരുന്നു. സുഹൃത്ത് ഫില്‍ ഹ്യൂഗ്‌സ് ബൗണ്‍സര്‍ അപകടത്തില്‍ മരിച്ചശേഷം ഓസീസ് കളിക്കാര്‍ പൂര്‍ണമായും അതില്‍ നിന്നും മുക്തമായിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു വാട്‌സന്റെ പെരുമാറ്റം.