ബോഡോ തീവ്രവാദികളുടെ ആക്രമണത്തിൽ 40ലേറെ പേർ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി ആക്രമണത്തെ അപലപിച്ചു

single-img
24 December 2014

assamഗുവാഹത്തി: ബോഡോ തീവ്രവാദികൾ അസമിൽ നടത്തിയ ആക്രമണത്തിൽ 40ലേറെ പേർ കൊല്ലപ്പെട്ടു. അസമിലെ  സോണിത്പൂര്‍, കൊക്രജാര്‍ ജില്ലകളില്‍ യന്ത്രത്തോക്കുകളുമായി തീവ്രവാദികളാണ് ആക്രമണം നടത്തിയത്. സമാധാന ചര്‍ച്ചയെ എതിര്‍ക്കുന്ന എന്‍ഡിഎഫ്ബി-എസ് വിഭാഗമാണ് ഈ കൂട്ടക്കൊലക്ക് പിന്നിൽ. സോണിത്പൂരിലെ ശാന്തിപൂര്‍ ഗ്രാമത്തിലും കൊക്രജാറിലെ സറള്‍പാറ ഗ്രാമത്തിലും ഇന്നലെ വൈകിട്ടു തീവ്രവാദികള്‍  ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സോണിത്പൂരിലാണ് വലിയ കൂട്ടക്കൊല നടന്നത്.
തീവ്രവാദികള്‍ക്കെതിരെ സുരക്ഷാസേന നടപടി ശക്തമാക്കിയതിനു പ്രതികാരമായാണ് ആക്രമണമെന്ന് ഐജി എസ്.എന്‍. സിങ് അറിയിച്ചു. കൊക്രജാര്‍ ജില്ലയിലെ പത്ഗാവില്‍ തിങ്കളാഴ്ച തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റിരുന്നു. ഭൂട്ടാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ചിരാങ് ജില്ലയില്‍ അസം പൊലീസും സേനയും ഞായറാഴ്ച നടത്തിയ സംയുക്ത ആക്രമണത്തില്‍ രണ്ടു ബോഡോ തീവ്രവാദികളെ വധിച്ചിരുന്ന.

ബോഡോ  തീവ്രവാദികളുടെ കൂട്ടക്കൊലയെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് . ആസാമില്‍ നിരപരാധികളെ കൊന്നൊടുക്കിവര്‍ ഭീരുക്കളാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അസം സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.